ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മൂന്നാംചേരിക്ക് തെലങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവു നടത്തുന്ന കരുനീക്കം പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ വിഷമവൃത്തത്തിലാക്കി.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ എന്നിവരുമായി ഇതിനകം ചർച്ച നടത്തിയ ചന്ദ്രശേഖർ റാവു, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അടക്കം കോൺഗ്രസുമായി അകലംപാലിക്കുന്ന വിവിധ കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.
പ്രതിപക്ഷത്തിന്റെ യോജിച്ച സ്ഥാനാർഥി ഉണ്ടായാൽപോലും ബി.ജെ.പി സ്ഥാനാർഥി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനാണ് എല്ലാ സാധ്യതയും. ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി തുടങ്ങി വിവിധ കക്ഷികൾ ബി.ജെ.പിയെ സഹായിക്കുന്നവരുമാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി കോൺഗ്രസിന് പുറത്തുനിന്നൊരാൾ വേണമെന്ന ആവശ്യം ഉയർത്താനുള്ള പുറപ്പാടിലാണ് ചന്ദ്രശേഖർ റാവുവും സംഘവും. ആ സമ്മർദം ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിലും ഉയർന്നുവരാൻ സാധ്യതയേറെ.
പ്രാദേശിക കക്ഷികൾക്ക് ബി.ജെ.പിയെ നേരിടാൻ കഴിയില്ലെന്ന് ഉദയ്പുർ നവസങ്കൽപ് ശിബിരത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങൾക്ക് എണ്ണപകർന്നു. തെലങ്കാനയിലെ റാവുവിന്റെ ഭരണശൈലിയെ ഏതാനും മാസങ്ങൾക്ക് മുമ്പുമാത്രം എതിർത്ത കെജ്രിവാളാണ് കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിലും പഞ്ചാബിലും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടത്. ഡി.എം.കെ, എൻ.സി.പി, ശിവസേന, നാഷനൽ കോൺഫറൻസ്, ജെ.എം.എം, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനൊപ്പമുണ്ട്. എന്നാൽ, മമത-റാവു-കെജ്രിവാൾ ചേരി സമ്മർദം ഉയർത്തിയാൽ, അവർക്കുകൂടി സ്വീകാര്യനായ രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതമാകും. ശ്രമവും അതിനുതന്നെ.
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നവർക്കിടയിൽ ബി.ജെ.പിക്ക് 42.2 ശതമാനം വോട്ടുണ്ട്. എൻ.ഡി.എ സഖ്യകക്ഷികൾ കൂടി ചേർന്നാൽ 48 ശതമാനം. ബി.ജെ.ഡിക്ക് 2.9 ശതമാനവും വൈ.എസ്.ആർ കോൺഗ്രസിന് മൂന്നു ശതമാനവും വോട്ടുണ്ട്. കോൺഗ്രസിന് 13.38 ശതമാനം വോട്ടുമാത്രം. ഒപ്പമുള്ള കക്ഷികളെ കൂടി ചേർത്താൽ അത് 24 ശതമാനം. മമതയോട് മമത ഇല്ലാത്ത ഇടതുപാർട്ടികൾക്ക് 2.5 ശതമാനമാണ് വോട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ ശതമാനങ്ങളിൽ നേരിയ മാറ്റം വരാം.
പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സ്വീകാര്യത നേടാൻ റാവുവിന് ചെയ്യാൻ കഴിയുന്നതുപോലും കോൺഗ്രസിന് കഴിയുന്നില്ലെന്ന വിമർശനമുയരുന്നുണ്ട്. ഇക്കാര്യത്തിൽ അഹ്മദ് പട്ടേലിനെപ്പോലെ പിന്നാമ്പുറ നയതന്ത്രത്തിന് സമർഥനായൊരു നേതാവിന്റെ കുറവ് നേരിടുകയുമാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.