യോഗിയെ സ്വന്തം തട്ടകത്തിൽ നേരിടാനെത്തിയ ചന്ദ്രശേഖർ ആസാദ് രാവണിന് സംഭവിച്ചത്

രാജ്യത്തെ അംബേദ്കറൈറ്റ് മൂവ്മെന്റുകളിൽ പ്രധാനപ്പെട്ട ഭീം ആർമിയുടെ ചീഫും ആസാദ് സമാജ് പാർട്ടി നേതാവുമായ ചന്ദ്രശേഖർ ആസാദ് രാവൺ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. യോഗി ആദിത്യനാഥിനെതിരേ ഗൊരഖ്പുർ മണ്ഡലത്തിൽ മത്സരിച്ച ആസാദ് മികച്ച പോരാട്ടംപോലും കാഴ്ച്ചവെയ്ക്കാനാവാതെ കീഴടങ്ങുകയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായതോടെ ഒരു ലക്ഷത്തിൽ പരംവോട്ടിന്റെ ഭൂരിപക്ഷത്തിൽ സമാജ് വാദി പാർട്ടിയുടെ സുഭാവതി ഉപേന്ദ്രദത്ത് ശുക്ലയെ യോഗി ആദിത്യനാഥ് തോൽപ്പിച്ചിരുന്നു. പതിനായിരത്തിൽ താഴെ വോട്ടോടെ അഞ്ചാം സ്ഥാനത്തായിപ്പോയ ചന്ദ്രശേഖർ ആസാദിന് കെട്ടിവച്ച കാശും നഷ്ടമായി. യോഗി ആദിത്യനാഥിന് 1,64,290 വോട്ടുകൾ ലഭിച്ചപ്പോൾ എസ്പി സ്ഥാനാർഥി ഏകദേശം 62,000 വോട്ടുകൾ നേടി. ആസാദിന് 7,454 വോട്ടുകൾ നേടാൻ മാത്രമേ കഴിഞ്ഞുള്ളു.


ഗോരഖ്പുരിലെ അങ്കത്തിൽ ഒരുഘട്ടത്തിലും ചിത്രത്തിൽ പോലും ഉണ്ടാകാൻ ആസാദിന് കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലും, മാധ്യമചർച്ചകളിലും മിന്നും താരമായ രാവണിന് ആ താരപ്രഭയെ ഗ്രാസ് റൂട്ട് ലെവലിൽ വോട്ടായി പരിവർത്തിപ്പിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. 2017 മേയിലെ സഹാറൻപൂർ കലാപത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ആസാദ് ഒന്നരവർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചിരുന്നു. ഭീം ആർമി സംഘടന രൂപീകരിച്ച് ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന രാവൺ, യോഗി സർക്കാരിനും വലിയ വെല്ലുവിളികൾ സമ്മാനിച്ചു പോന്നിരുന്നു.


2020ലാണ് ഇദ്ദേഹം ആസാദ് സമാജ് പാർട്ടി രൂപീകരിച്ചത്. 2022ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തറപറ്റിക്കുമെന്ന പ്രഖ്യാപനവുമായാണ് ആസാദ് സമാജ് പാർട്ടിയുടെയും (എഎസ്പി) ഭീം ആർമിയുടെയും വേദികളിൽ ചന്ദ്രശേഖർ പ്രസംഗിച്ചത്. പട്ടാളച്ചിട്ടയോടെ ചന്ദ്രശേഖറിന്റെ വാക്കുകൾ കേൾക്കാനിരിക്കുന്ന യുവാക്കളുടെ ഭീം ആർമി സംഘം രാവണിന്റെ റാലിയുടെ ആകർഷണമായിരുന്നു. ഫലം വരുമ്പോൾ താൻ യോഗി ആദിത്യനാഥിനെ തറപറ്റിക്കും എന്നുള്ള ആത്മവിശ്വാസം വോട്ടെണ്ണൽ തുടങ്ങും മുമ്പുവരെയും രാവണിനും ഭീം ആർമി പ്രവർത്തകർക്കും ഉണ്ടായിരുന്നു.

Tags:    
News Summary - Chandrashekhar Azad ‘Ravan’ loses deposit in Gorakhpur Urban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.