ന്യൂഡൽഹി: മീ ടൂ കാമ്പയിനിൽ കേന്ദ്ര വിദേശ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ഉയർന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. മന്ത്രിക്കെതിരെ ഉയർന്ന പരാതിയുടെ നേര് അറിയേണ്ടതുണ്ടെന്നും ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു. അക്ബറിെൻറ രാജി സംബന്ധിച്ച് ഒന്നും പറയാൻ അമിത് ഷാ തയാറായില്ല. മീ ടൂ കാമ്പയിനിൽ അക്ബറിെൻറ പേര് വന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രതികരണമുണ്ടാകുന്നത്.
അക്ബർ ലൈംഗികാതിക്രമം നടത്തിയെന്ന് പത്തിൽ കുറയാത്ത വനിതാ മാധ്യമ പ്രവർത്തകരുടെ വെളിപ്പെടുത്തൽ സത്യമാണോ കളവാണോ എന്ന് നോക്കേണ്ടതുണ്ട്. വെളിപ്പെടുത്തൽ പോസ്റ്റിെൻറയും പോസ്റ്റിട്ട വ്യക്തിയുടെയും സത്യസന്ധതയും അറിയേണ്ടതുണ്ട്. ഏതായാലും ഇക്കാര്യം പരിശോധിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അക്ബറിനെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് പരാതിയൊന്നും ലഭിച്ചില്ലെന്ന ന്യായീകരണം പല ബി.ജെ.പി നേതാക്കളും നേരത്തേ തെന്ന ഉന്നയിക്കുന്നുണ്ട്.
അതേസമയം, ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും മൗനം പരിഗണിക്കാതെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവർത്തന കാലത്തും അതിനുശേഷവും കോൺഗ്രസിനോട് ചേർന്നുനിൽക്കുകയും കടുത്ത ബി.ജെ.പി വിരുദ്ധത കാണിക്കുകയും ചെയ്തിരുന്ന എം.ജെ. അക്ബർ ഒരു കാലത്ത് രാജീവ് ഗാന്ധിയുടെ അടുത്ത വിശ്വസ്തനായിരുന്നു. പിന്നീട് നരസിംഹറാവുവിെൻറ കാലത്ത് കോൺഗ്രസിൽ അപ്രസക്തനായി.
നരേന്ദ്ര മോദിയുടെ കാർമികത്വത്തിൽ നടന്ന ഗുജറാത്ത് വംശഹത്യയെ നിശിതമായി വിമർശിച്ച് ‘‘റയട്ട് ആഫ്റ്റർ റയട്ട്’’ എന്ന പേരിൽ പുസ്തകം എഴുതിയ അതേ അക്ബർ പിന്നീട് ബി.ജെ.പിയിൽ വന്ന് മോദിയുടെ സ്തുതിപാഠകനായതോടെ രാജ്യസഭാ അംഗത്വവും വിദേശ സഹമന്ത്രി പദവും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.