ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ചെന്നൈ നഗരത്തിലെ സലൂണുകളിൽ മുടിവെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി. മുടിവെട്ടുന്നതിന് മുമ്പ് ആധാർ കാർഡ് സലൂൺ ഉടമയെ കാണിക്കണം. പേര്, വിലാസം, ഫോൺ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ എഴുതി സൂക്ഷിക്കും. അതിനുശേഷം മാത്രമായിരിക്കും മുടിവെട്ടുക.
ലോക്ഡൗണിന് ശേഷം ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാൻ തിങ്കളാഴ്ചയാണ് തമിഴ്നാട് സർക്കാർ അനുമതി നൽകിയത്. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചാൽ സമ്പർക്കം കണ്ടെത്തുന്നതിനായി ആധാർ കാർഡ് വിവരങ്ങൾ ശേഖരിക്കാൻ നിർദേശവും നൽകുകയായിരുന്നു.
സലൂണുകളിലും ബാർബർ ഷോപ്പുകളിലും കൃത്യമായ സാമൂഹിക അകലം ഉറപ്പുവരുത്തുകയും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും.
തമിഴ്നാട്ടിൽ വിവിധ ഇളവുകൾ അനുവദിച്ച് ലോക്ഡൗൺ ജൂൺ 30വരെ നീട്ടിയിരുന്നു. കർശന സുരക്ഷ മുൻകരുതലുകളോടെ ഭക്ഷണ ശാലകൾ തുറക്കുന്നതിനും പൊതുഗതാഗതം അനുവദിക്കുന്നതിനും അനുമതി നൽകിയിരുന്നു. അതേസമയം കണ്ടെയ്മെൻറ് സോണുകളിൽ ലോക്ഡൗൺ കർശനമായി തുടരും.
മഹാരാഷ്ട്രക്ക് പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം തമിഴ്നാടാണ്. 23,495 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.