ചെന്നൈ: മുൻ വിരോധം മൂലം വീട്ടുമുറ്റത്ത് മൂത്രമൊഴിച്ചും ഉപയോഗിച്ച മാസ്ക്കുകളും മറ്റും ഉപേക്ഷിച്ചും വൃത്തികേടാക്കി നിരന്തരം ശല്യം ചെയ്തതായ കേസിൽ എ.ബി.വി.പി മുൻ ദേശീയ അധ്യക്ഷൻ ഡോ. സുബ്ബയ്യ ഷൺമുഖത്തെ ചെന്നൈ ആദംപാക്കം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കീഴ്പാക്കം ഗവ. മെഡിക്കൽ കോളജാശുപത്രി അർബുദ വിഭാഗം മേധാവിയാണ്. നിലവിൽ സസ്പെൻഷനിലാണ്.
2020 ജൂലൈയിൽ ചെന്നൈ നങ്കനല്ലൂരിലെ സ്വകാര്യ അപ്പാർട്മെൻറിൽ താമസിക്കുന്ന 62കാരിയായ വിധവ നൽകിയ പരാതിയിലാണ് അറസ്റ്റ്. സുബ്ബയ്യയും ഇതേ അപ്പാർട്മെൻറിലെ താഴത്തെ നിലയിലാണ് താമസം. കാർ പാർക്കിങ്ങിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വിരോധത്തെ തുടർന്നാണ് സുബ്ബയ്യ വയോധികയെ ശല്യം ചെയ്തിരുന്നത്. അണ്ണാ ഡി.എം.കെ ഭരണകാലയളവിൽ പ്രതിക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല.
ഈയിടെ തഞ്ചാവൂരിൽ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തോടനുബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ കേസിൽ അറസ്റ്റിലായ എ.ബി.വി.പി നേതാവ് നിധി ത്രിപാഠിയെ ജയിലിൽ സന്ദർശിച്ചതിനാണ് ഷൺമുഖത്തെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.