ഛത്തീസ്‌ഗഢ് മാവോവാദി ആക്രമണം: കാണാതായത് 21 ജവാൻമാരെ, തെരച്ചിൽ ഊർജിതം

റായ്പൂർ: മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടാകുകയും അഞ്ച് ജവാൻമാർ വീരമൃത്യു വരിക്കുകയും ചെയ്ത ഛത്തീസ്‌ഗഢിൽ ഇന്നലെ കാണാതായത് 21 സുരക്ഷാ ഉദ്യോഗസ്ഥരെ. ഇതേതുടർന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് ഛത്തീസ്‌ഗഢിലേക്ക് തിരിച്ചുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സുക്മ ജില്ലയിലെ സുക്മ-ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കുകയും 24 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോബ്ര യൂനിറ്റ്, സി.ആർ.പി.എഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്.

ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി സി.ആർ.പി.എഫ് വ്യക്തമാക്കിയിരുന്നു. മാവോവാദികൾക്കായിപ്രദേശത്ത് തെരച്ചിൽ ഊർജിതമായി തുടരുകയാണ്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തിക്കുകയാണ് അധകൃതർ.

ജവാൻമാരുടെ വീരമൃത്യുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. സമാധാനത്തിെൻറ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് മനസ്സെന്നും, പരിക്കേറ്റ ജവാൻമാർ വേഗം സുഖം പ്രാപിക്കട്ടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.