ന്യൂഡൽഹി: നിയമസഭയിലെ മുഴുവൻ സാമാജികർക്കും 'കശ്മീർ ഫയൽസ്' കാണാൻ സൗജന്യപ്രദർശനം ഒരുക്കിയ ഛത്തീസ്ഗഢിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാേഗൽ പ്രദർശനത്തിന് ശേഷം സിനിമയെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് വിമർശനവുമായി രംഗത്തുവന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് സിനിമ നൽകുന്ന രാഷ്ട്രീയ സന്ദേശം ഭാഗേൽചോദ്യം ചെയ്തു.
1990ൽ അദ്വാനിയും വാജ്പേയിയും അടക്കമുള്ള നേതാക്കളുടെ പിന്തുണയിൽ വി.പി സിങ്ങ് പ്രധാനമന്ത്രിയും ജഗ്മോഹൻ ഗവർണറുമായ സമയത്താണ് ഈ പലായനം സംഭവിച്ചതെന്ന് ഭാഗേൽ ചൂണ്ടിക്കാട്ടി. അവർ കശ്മീരി പണ്ഡിറ്റുകളുടെ പലായനം തടഞ്ഞ് അവിടെ നിർത്തുന്നതിന് പകരം പോകാൻ പറയുകയായിരുന്നുവെന്ന് ഭാഗേൽ കുറ്റപ്പെടുത്തി. അവിടെ രാഷ്ട്രപതി ഭരണത്തിലായിരുന്നിട്ടും സൈന്യത്തെ അയച്ചില്ല.
രാജീവ് ഗാന്ധി ലോക്സഭയിൽ ഘരാവോ ചെയ്തപ്പോഴാണ് സൈന്യത്തെ അയച്ചത്. 370ാം വകുപ്പ് റദ്ദാക്കിയിട്ടും ഇന്നും കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ അതേ നിലയിലാണ്. ആറ് വർഷം വാജ്പേയിയും എട്ടു വർഷം മോദിയും ഒന്നും ചെയ്തില്ല. 370ാം വകുപ്പ് റദ്ദാക്കിയിട്ട് ഇത്ര നാളായിട്ടും ഒന്നും ചെയ്തില്ലെന്നും അതേ കുറിച്ചൊന്നും സിനിമയിൽഒന്നും പറയുന്നില്ലെന്നും ഭാഗേൽ വിമർശിച്ചു. സംവിധായകൻ പ്രശ്ന പരിഹാരവും മുന്നോട്ടുവെച്ചില്ല.
'കശ്മീർ ഫയൽസ്' ഇന്ത്യയൊട്ടുക്കും നികുതിമുക്തമാക്കിയാൽപോരെന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ പരിഹസിച്ചു. എല്ലാ ഇന്ത്യക്കാരും ഈ സിനിമ കാണണമെന്നും ആരെങ്കിലും സിനിമ കണ്ടില്ലെങ്കിൽ അവർക്ക് രണ്ട് വർഷം തടവും വിമർശിക്കുന്നവർക്ക് ജീവപര്യന്തവും ശിക്ഷ വിധിക്കണമെന്നും സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.