ന്യുഡൽഹി: സുപ്രീം കോടതിയിൽ പ്രവേശിക്കാനുള്ള ഇ-പാസുകൾ ലഭ്യമാകുന്ന സുസ്വാഗതം പോർട്ടലിന് തുടക്കമായി. അഭിഭാഷകർ, ഇന്റേണുകൾ തുടങ്ങിയവർക്കും പൊതുജനങ്ങൾക്കും ഈ വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ രജിസ്റ്റർ നടത്തി സുപ്രീം കോടതിയിൽ പ്രവേശിക്കാം. പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രഖ്യാപിച്ചു.
മൊബൈൽ സൗഹൃദ ആപ്ലിക്കേഷനായ ഇതുവഴി ഇ-പാസുകൾക്കായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ 25 മുതൽ 'സുസ്വാഗതം' പോർട്ടൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. ഉപയോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആഗസ്റ്റ് ഒമ്പത് വരെ 10,000ത്തിലേറെ ഇ-പാസുകൾ പോർട്ടൽ വഴി നൽകിയതായും അദ്ദേഹം പറഞ്ഞു.
‘രാവിലെ ക്യൂവിൽ നിൽക്കേണ്ടതില്ല. എല്ലാ പാസുകളും ഓൺലൈനിൽ ലഭിക്കും. ഇന്ന് രാവിലെ മുതൽ ഈ സൗകര്യം ലഭ്യമാണ്’ -ചീഫ് ജസ്റ്റിസ് അറിയിച്ചു. ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന വീഡിയോയും വെബ്സൈറ്റിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും അനുസരിച്ച് ഇ-പാസുകൾക്ക് വ്യത്യസ്ത കാലാവധി തിരഞ്ഞെടുക്കാൻ കഴിയും. തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യാനും രജിസ്ട്രേഷൻ പ്രക്രിയയിൽ തത്സമയ ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. ഇ-പാസിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് കോടതിയിൽ പ്രവേശിക്കാം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികൾ കേൾക്കാൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് സമ്മേളിച്ച ഉടനെയാണ് 'സുസ്വാഗതം’ ഒരുക്കിയ സൗകര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
സുസാഗതം വെബ്സൈറ്റ് അഡ്രസ്: https://suswagatam.sci.gov.in/public/Index.aspx
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.