ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട 'ഗുഡ്ബുക്കി'ൽനിന്ന് സാധ്യതാപട്ടികയിൽ കയറിയിട്ടും കേരളത്തിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സി.ബി.ഐ ഡയറക്ടർ സാധ്യതാപട്ടികയിൽനിന്ന് പുറത്തായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ കടുത്ത നിലപാടുമൂലം. സർവിസിൽ ആറു മാസത്തിൽ താഴെ ബാക്കിയുള്ളവെര െപാലീസ് മേധാവികൾ ആക്കാനാവില്ലെന്ന സുപ്രീംകോടതി വിധി സെലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉയർത്തിക്കാണിച്ചതോടെയാണ് മോദിക്ക് പ്രിയങ്കരനായ കേരളാ ഡി.ജി.പിയുടെ അടക്കം മൂന്നു പേരുകൾ വെട്ടിമാറ്റിയത്. ലോക്നാഥ് ബെഹ്റക്ക് പുറമെ ജൂലൈ 31ന് വിരമിക്കുന്ന ബി.എസ്.എഫ് തലവൻ രാകേഷ് അസ്താന, മേയ് 31ന് വിരമിക്കുന്ന എൻ.ഐ.എ തലവൻ വൈ.സി. മോദി എന്നിവരും പുറത്തായി.
ഇവരുടെ പേരുകൾ നീക്കിയതോടെ അന്തിമപട്ടികയിൽ മഹാരാഷ്ട്ര ഡി.ജി.പി സുബോധ്കുമാർ ജെയ്സ്വാൾ, സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) ഡയറക്ടർ കെ.ആർ. ചന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവർ മാത്രമായി. ഇതിൽ ഏറ്റവും സീനിയറായ ജെയ്സ്വാൾ സി.ബി.ഐ ഡയറക്ടറായേക്കുമെന്നാണ് സൂചന.
ചട്ടലംഘനങ്ങൾ പതിവായ സി.ബി.ഐ ഡയറക്ടർ നിയമനത്തിൽ സുപ്രീംകോടതി വിധി കാണിച്ച് ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് തടസ്സവാദം ഉന്നയിക്കുന്നത്. സെലക്ഷൻ കമ്മിറ്റി ഈ വിധി അംഗീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടപ്പോൾ സമിതിയിലെ മൂന്നാമനായ അധിർ രഞ്ജൻ ചൗധരി അതിനെ പിന്താങ്ങി. മേയ് 11ന് ചൗധരി 109 പേരുകൾ നൽകിയിരുന്നുവെങ്കിലും അവയിലൊന്നുപോലും സർക്കാർ പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.