ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് എസ്. ഹരീഷെന്ന 28 കാരനെതിരെയുള്ള കേസ് ജനുവരി 11ന് മദ്രാസ് ഹൈകോടതി റദ്ദാക്കിയിരുന്നു. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫരീദാബാദിലെ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്, ഡൽഹിയിലെ ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്നീ സർക്കാറിതര സംഘടനകളാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈകോടതി വിധി നിയമവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
ഹരജിക്കാരന് അശ്ലീല ചിത്രങ്ങൾ കാണാനുള്ള ആസക്തിയുണ്ടെങ്കിൽ കൗൺസലിങ് നടത്തണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. 2012ലെ പോക്സോ ആക്ട്, 2000ത്തിലെ ഐ.ടി ആക്ട് എന്നിവ പ്രകാരമുള്ള ക്രിമിനൽ കേസായിരുന്നു റദ്ദാക്കിയത്. അശ്ലീല ചിത്രങ്ങൾ കാണുന്നത് 2000ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 ബി പ്രകാരം കുറ്റകരമല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ആൺകുട്ടികൾ ഉൾപ്പെട്ട രണ്ട് വിഡിയോകൾ ഡൗൺലോഡ് ചെയ്തത് പ്രതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്നു. അവ പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഹരജിക്കാരന്റെ സ്വകാര്യമാണെന്നും ഹൈകോടതി പറഞ്ഞിരുന്നു. അതേസമയം കുട്ടികൾ അശ്ലീല ചിത്രങ്ങൾ കാണുന്നതിനെതിരെ മദ്രാസ് ഹൈകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.