മാൾഡ: പശ്ചിമബംഗാളിൽ ദുർമന്ത്രവാദത്തിനിടെ രണ്ടു കുട്ടികൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്. ഗജോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കഠംതാലി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി യാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മരിച്ച രണ്ട് ആൺകുട്ടികൾ ഏഴും അഞ്ചും വയസ്സുള്ളവരാണ്.
ഇവരുടെ ആറും മൂന്നും വയസ്സുള്ള സഹോദരിമാർക്കാണ് പരിക്കേറ്റത്. ഇവരെ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂലിത്തൊഴിലാളികളുടെ മക്കളെയാണ് ദുർമന്ത്രവാദത്തിന് ഉപയോഗിച്ചത്. സമീപത്തെ വനപ്രദേശത്തായിരുന്നു ആഭിചാരക്രിയകൾ. കാട്ടിൽ കളിക്കാൻ പോയ നാല് ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയുമാണ് ഇതിന് ഉപയോഗിച്ചത്. തൃണമൂൽ എം.എൽ.എ ദിപാലി ബിശ്വാസ് സ്ഥലത്തെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.
ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം കുട്ടികളെ രക്ഷിതാക്കൾ ദുർമന്ത്രവാദികളെ ഏൽപിക്കുകയാണത്രേ ഇവിടെ പതിവ്. സ്ഥലത്തേക്ക് ആരോഗ്യപ്രവർത്തകരെ അയച്ചതായി എം.എൽ.എ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മരണകാരണം തിരിച്ചറിഞ്ഞിട്ടില്ലെന്നും കുട്ടികൾ കാട്ടിൽനിന്ന് വിഷക്കായ കഴിച്ചെന്നു സംശയിക്കുന്നതായും പൊലീസ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.