ബെയ്ജിംഗ്: അരുണാചൽ പ്രദേശും അക്സായി ചിൻ പ്രദേശവും ഉൾപ്പെടുത്തി പുതിയ 'സ്റ്റാൻഡേർഡ് മാപ്പ്' പുറത്തിറക്കി ചൈന ഭീഷണി ഉയർത്തുന്നു. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിൽ ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും 1962 ലെ യുദ്ധത്തിൽ അക്‌സായ് ചിൻ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കൈവശപ്പെടുത്തിയതും അവർ ഭൂപടത്തിൽ കാണിക്കുന്നു.
തായ്‌വാനുമായി തർക്കമുള്ള ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശത്തിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിവിഭവ മന്ത്രാലയമാണ് പുതിയ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിന് സമീപമുള്ള ഒരു പട്ടണം ഉൾപ്പെടെ, അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റുമെന്ന് ഏപ്രിലിൽ ബെയ്ജിംഗിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ ഭൂപടം പുറത്തുവന്നത്. ചൈനയിൽ 'നാഷണൽ മാപ്പിംഗ് അവയർനസ് പബ്ലിസിറ്റി വീക്കിന്റെ' ഭാഗമായാണ് 2023 ലെ മാപ്പ് പുറത്തിറക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
പൊതു ഉപയോഗത്തിനായുള്ള സ്റ്റാൻഡേർഡ് മാപ്പും പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ ഡിജിറ്റൽ മാപ്പുകളും നാവിഗേഷനും പൊസിഷനിംഗും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ, കൃത്യമായ കൃഷി, പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥ, ഇന്റലിജന്റ് കണക്റ്റഡ് വാഹനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. നേരത്തെ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ലഡാക്ക് സന്ദർശന വേളയിൽ പാംഗോങ് താഴ്‌വരയിൽ ചൈന പ്രവേശിച്ചുവെന്ന് കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒരിഞ്ച് പോലും ചൈന കൈവശപ്പെടുത്തിയില്ലെന്നായിരുന്നു സർക്കാർ വാദം. പുതിയ മാപ്പ് പുറത്തിറങ്ങിയതോടെ കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുകയാണ്.
അടുത്തിടെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടിയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു.
അതേസമയം, ഡൽഹിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ എട്ടിന് എത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.