ന്യൂഡൽഹി: സൈനിക-നയതന്ത്ര തല ചർച്ചകൾ പലതും കഴിഞ്ഞെങ്കിലും ലഡാക്കിൽ കൈയേറിയ പ്രദേശങ്ങളിൽനിന്ന് പൂർണമായി പിൻവാങ്ങാതെ ചൈന. കൈയേറ്റം നടത്തിയ ചിലയിടങ്ങളിൽനിന്ന് പിൻവാങ്ങിയെങ്കിലും തന്ത്രപ്രധാനമായ ഗ്രീൻ ടോപ് മേഖലയിൽനിന്ന് പിൻവലിയാത്ത ചൈനയുടെ ദുരൂഹത നിറഞ്ഞ നിലപാട് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകളിലെ പ്രധാന തടസ്സമാവുകയാണ്. ശൈത്യകാലത്തിനുമുമ്പ് മേഖലയിൽ സംഘർഷം ലഘൂകരിക്കണമെങ്കിൽ ഈ തർക്കത്തിന് പരിഹാരം കാണേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി ന്യൂസ് 18 ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന സൈനിക തല ചർച്ചയിൽ ഇക്കാര്യം ഇന്ത്യ മുന്നോട്ടുവെച്ചെങ്കിലും പിന്മാറാമെന്ന് പറയാതിരിക്കാൻ ചൈനീസ് മധ്യസ്ഥന്മാർ ശ്രദ്ധിച്ചു. ഇതോടെ െബയ്ജിങ്ങിെൻറ വാക്കുകളിൽ ഇന്ത്യക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് പ്രമുഖ നയതന്ത്ര-സുരക്ഷാകാര്യ ലേഖകൻ പ്രവീൺ സ്വാമി എഴുതിയ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ കൈയേറിയ പ്രദേശങ്ങളിൽനിന്ന് ചൈന വിട്ടുപോയിട്ടില്ലെന്നത് യാഥാർഥ്യമാണെന്ന് ഉന്നത ഇന്ത്യൻ ഉദ്യോസ്ഥർ സമ്മതിക്കുന്നതായും പ്രവീൺ സ്വാമി എഴുതുന്നു. അഞ്ചുവട്ടമായി നടന്ന സൈനിക തല ചർച്ചയിലും വഴങ്ങാത്ത ചൈനക്ക്, പാങ്ങ്ങോങ് തടാക തീരത്തെ ഗ്രീൻ ടോപ് പ്രദേശങ്ങളിൽനിന്നുള്ള കൈയേറ്റങ്ങളിൽ നിന്ന് പിൻവാങ്ങാനാണ് ഏറ്റവും മടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ നേതൃത്വത്തിൽ സമാന്തരമായി നയതന്ത്ര തല ചർച്ച നടത്തി പരിഹാരം കാണാനാകുമോ എന്നും കേന്ദ്രം പരിശ്രമിക്കുന്നുണ്ട്. ഗ്രീൻ ടോപ്പിനുപുറമെ, ഗോഗ്രക്കു സമീപമുള്ള പട്രോൾ പോയൻറ് 17എ, ഡെപ്സാങ് പട്രോൾ പോയൻറ് 13 എന്നിവിടങ്ങളിലെ പരിഹാരമാകും ഇവർ തേടുക.
'ഭൂരിഭാഗം സംഘർഷമേഖലയിൽ നിന്നും ഒഴിപ്പിക്കൽ പൂർത്തിയായെന്നും ചിലയിടങ്ങളിൽ ഇതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നു'മാണ് ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞയാഴ്ച പറഞ്ഞത്. ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുെവന്നും പറഞ്ഞ വക്താവിെൻറ വാക്കുകൾ വ്യക്തമാക്കുന്നത്, ചില പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ചൈനക്ക് മനസ്സില്ല എന്നുതെന്നയാണ്.
അതുകൊണ്ടുതന്നെയാണ് ചർച്ചകൾ നടക്കുേമ്പാഴും, ചൈനയെ വിശ്വസിക്കാൻ വരട്ടെ എന്ന് കേന്ദ്ര സർക്കാർ കരുതുന്നത്. പാങ്ങ്ങോങ് ഭാഗത്തെ ഇന്ത്യയുടെ ചലനങ്ങൾ ഏറ്റവും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുമെന്നതിനാലാണ് ചൈനീസ് സേന ഗ്രീൻടോപ് വിടാതെ നിൽക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. മേഖലയിൽ ഇന്ത്യ നടത്തിയ നിർമാണ പ്രവർത്തനങ്ങളും ആശയവിനിമയ സംവിധാനങ്ങൾ ഒരുക്കലും തൽസ്ഥിതി പുലർത്തുന്നതിൽ നിന്നുള്ള വ്യതിചലനമാണെന്നും അതുകൊണ്ടുതന്നെ ഗ്രീൻ ടോപ്പിലെ തങ്ങളുടെ കൈയേറ്റം ന്യായമാണെന്നുമാണ് ചൈനയുടെ വാദം. എന്നാൽ, സ്വന്തം ഭാഗത്താണ് നിർമാണ പ്രവർത്തനങ്ങളെല്ലാം നടത്തിയതെന്നും കാലങ്ങളായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിർമാണങ്ങൾക്കുള്ള പ്രതികരണമാണിതെന്നും ഇന്ത്യയും മറുപടി നൽകുന്നു. ''പാങ്ങ്ങോങ്ങിൽ ഇന്ത്യ തൽസ്ഥിതി ലംഘിച്ചുവെന്ന ചൈനയുടെ വാദം അടിസ്ഥാനരഹിതമാണ്. എല്ലാ പ്രവൃത്തികളും നിയന്ത്രണ രേഖയിൽ നമ്മുടെ ഭാഗത്താണ്'' -ചർച്ചകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.