ന്യൂഡൽഹി: അതിർത്തിക്ക് സമീപം ചൈന നിർമാണ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്ന് വ്യോമസേന മേധാവി അമർ പ്രീത് സിങ്. ലഡാക്ക് മേഖലയിൽ ഇത് ഊർജിതമാണ്. ഇത് കണക്കിലെടുത്ത് ഇന്ത്യ അതിർത്തി മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭാവിയിലെ സുരക്ഷ ഭീഷണി കൂടി കണക്കിലെടുത്ത് തദ്ദേശീയ ആയുധങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. 2047ഓടെ വായുസേനയുടെ ആയുധശേഖരത്തിൽ ഭൂരിഭാഗവും തദ്ദേശീയമായി ഉൽപാദിപ്പിച്ചവയാവും. പോരാട്ട സ്ക്വാഡ്രണുകൾ കുറയുന്നത് ആശങ്കജനകമാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ പിൻവലിക്കുന്നതിന് അനുസരിച്ച് പുതിയവ സജ്ജമാക്കേണ്ടതുണ്ട്.
തേജസ് യുദ്ധ വിമാനം സജ്ജമാക്കുന്നതിൽ കാലതാമസമുണ്ടായി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്.എ.എൽ) ആണ് തേജസ് നിർമിക്കുന്നത്. നിർമാണം ത്വരിതപ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാമെന്നാണ് കരുതുന്നത്. പ്രതിവർഷം 24 വിമാനങ്ങൾ നിർമിക്കുമെന്ന എച്ച്.എ.എല്ലിന്റെ വാഗ്ദാനം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിതരായാൽ മാത്രം ഏറ്റുമുട്ടൽ എന്നതാണ് നിലപാട്. സാങ്കേതിക വിദ്യയിൽ ചൈനയുടെ മികവ് ഇന്ത്യക്ക് വലിയ വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.