ന്യൂഡൽഹി: മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഇന്ത്യ -ചൈന സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി സൂചന. മൂന്നുപേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരുഭാഗത്തുനിന്നുമായി അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് പുതിയ വിവരമെന്ന് നയതന്ത്ര വിദഗ്ധനായ ടി.പി. ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്.
അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിൻറിലും, ഹോട് സ്പ്രിങ്സിലെ 15, 17 പോയിൻറുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്. 16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.
1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ കരസേന മേധാവി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സ്ഥിതി ഗതികൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചര്‍ച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.