ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗം വിളിച്ചു.
അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് യോഗം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വിഡിയോ കോൺഫറൻസ് വഴി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡൻറുമാരായി സംവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെ തിരിച്ചടിയിൽ 43 ചൈനീസ് സൈനികർക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം.
ഇരുവിഭാഗവും വെടിവെപ്പ് നടത്തിയിട്ടില്ല. ഇരുമ്പുദണ്ഡുകളും കല്ലുകളും തോക്കിൻെറ പാത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. പരിക്കേറ്റ സൈനികർ കൊടും തണുപ്പുള്ള ഗൽവാൻ നദിയിൽ വീണതാണ് മരണസംഖ്യ കൂടാൻ ഇടയാക്കിയത്. ആളപായമുണ്ടായതോടെ ഇരുസൈനികരും രാത്രി സ്വയം പിന്മാറുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യൻ കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് 17പേർ അതിർത്തിയിലെ കൊടുംതണുപ്പ് മൂലമാണ് മരിച്ചതെന്നും കരസേന വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.