ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖയിലെ (എൽ.സി.എ) സംഘർഷപ്രദേശങ്ങളിൽനിന്ന് ഏറ്റവും നേരേത്ത പിന്മാറാൻ ഇന്ത്യ, ചൈന ധാരണ. അതനുസരിച്ച്, ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന ഗൽവാൻ താഴ്വര പ്രദേശത്തുനിന്ന് ചൈനയുടെ സേന രണ്ടു കിലോമീറ്ററോളം പിന്മാറിയെന്നാണ് വിവരം. ഫിംഗർ ഫോർ, പേങാങ് സു മേഖലകളിൽ പീപ്ൾസ് ലിബറേഷൻ ആർമി ചില കൂടാരങ്ങളും നീക്കി. വാഹനങ്ങളും പിൻവലിച്ചുവരുന്നതായി സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഓരോ കേന്ദ്രത്തിലെയും പിന്മാറ്റം സംബന്ധിച്ച് കൃത്യമായി ഉറപ്പുവരുത്തൽ നടത്തുകയാണ് ഇന്ത്യ.
ഇപ്പോഴത്തെ തർക്കങ്ങളിൽ ഏറ്റവും രൂക്ഷമായി നിൽക്കുന്നത് പേങാങ് സുവാണ്. ഫിംഗർ ഫോർ വരെ എട്ടു കിലോമീറ്റർ ഉള്ളിലേക്ക് ചൈനീസ് സേന ഇവിടെ കടന്നുവന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയുമായി ഞായറാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് പിന്മാറ്റ ധാരണ രൂപപ്പെടുത്തിയത്. അതിർത്തി ചർച്ചകളിൽ രണ്ടു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികളാണ് ഇരുവരും.
തുറന്ന ചർച്ചയിൽ വിശദമായ കാഴ്ചപ്പാടുകൾ ഇരുപക്ഷവും കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. യഥാർഥ നിയന്ത്രണരേഖയെ ഇരുപക്ഷവും മാനിക്കണം. നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്നതിന് ഏകപക്ഷീയ നടപടി പാടില്ല. അതിർത്തി മേഖലകളിൽ സമാധാനവും സഹിഷ്ണുതയും ദുർബലപ്പെടുത്തുന്ന സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ യോജിച്ച് പ്രവർത്തിക്കും. ഏറ്റവും നേരേത്ത നിയന്ത്രണരേഖയിൽനിന്നുള്ള പിന്മാറ്റം പൂർത്തിയാക്കാൻ തീരുമാനിച്ചെന്നും പ്രസ്താവന വിശദീകരിച്ചു. പൂർണ സമാധാനവും സഹിഷ്ണുതയും പുനഃസ്ഥാപിക്കുന്നതിന് ഇരുപക്ഷവും തീരുമാനിച്ചതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ പേങാങ് സു, ഗൽവാൻ താഴ്വര, ഗോഗ്ര ഹോട്ട് സ്പ്രിങ് തുടങ്ങി നിരവധി മേഖലകളിൽ കൈയേറ്റം സംബന്ധിച്ച സൈനികസംഘർഷം എട്ടാഴ്ചയായി തുടരുകയാണ്.
രണ്ടു രാജ്യങ്ങളുടെയും സേനകൾ കോർ കമാൻഡർ തലത്തിൽ നേരേത്ത മൂന്നു വട്ടം ചർച്ച നടത്തിയെങ്കിലും അപൂർണമായിരുന്നു. പിന്മാറ്റത്തിന് തയാറാകാതെ സംഘർഷം മുറുകിയ പശ്ചാത്തലത്തിലാണ് അതിർത്തികാര്യ പ്രത്യേക പ്രതിനിധികളുടെ ടെലിഫോൺ സംഭാഷണം നടന്നത്.
പിന്മാറാനുള്ള തയാറെടുപ്പിൽ –ചൈന
ബെയ്ജിങ്: ഗൽവാനിലെ സംഘർഷം കുറക്കാൻ ലക്ഷ്യമിട്ട് മുൻനിര സൈന്യം യഥാർഥ നിയന്ത്രണരേഖയിൽ (എൽ.സി.എ)നിന്ന് പിന്മാറാനുള്ള തയാറെടുപ്പിലാണെന്ന് ചൈന. ഗൽവാനിലെ ചില പ്രദേശങ്ങളിൽനിന്ന് ചൈനീസ് സൈന്യം പിന്മാറിയെന്ന ഇന്ത്യൻ പ്രഖ്യാപനത്തിന് പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാെൻറ പ്രസ്താവന. മുമ്പ് രണ്ടുവട്ടം നടന്ന കമാൻഡർതല ചർച്ചകളിലെ ധാരണയനുസരിച്ചുള്ള കാര്യങ്ങൾ ഇരുപക്ഷവും പ്രാവർത്തികമാക്കാൻ ശ്രമിക്കും. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ രണ്ടുരാജ്യവും കൂട്ടായി തുടരുമെന്നും ലിജിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.