ഇന്ത്യ-ബംഗ്ലാദേശ്​ അതിർത്തിയിൽ സംശയാസ്​പദ സാഹചര്യത്തിൽ ചൈനീസ്​ പൗരൻ പിടിയിൽ

മാൾഡ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം 35കാരനായ ചൈനക്കാരനെ അതിർത്തി സുരക്ഷാ സേന പിടികൂടിയതായി അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ അതിർത്തിയിൽനിന്നാണ്​ സംശയാസ്​പദ സാഹചര്യത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്​.

ഹാൻ ജുൻവെയ്​ എന്നാണ്​ ഇദ്ദേഹത്തിൻെറ പേ​രെന്നും ചൈനീസ് പാസ്‌പോർട്ട്, ബംഗ്ലാദേശ് വിസ, ലാപ്‌ടോപ്പ്, മൂന്ന് സിം കാർഡുകൾ എന്നിവ ഇയാളിൽനിന്ന്​ ലഭിച്ചതായും സുരക്ഷ ഉദ്യോഗസ്​ഥർ പറഞ്ഞു.

വ്യാഴാഴ്​ച രാവിലെ ഏഴോടെയാണ്​ ഇയാളെ പിടികൂടുന്നത്​. തുടർന്ന്​ ബി.എസ്​.എഫിൻെറ കാലിയാചക് പോസ്റ്റിലേക്ക് എത്തിച്ച്​ ഉന്നത ഉദ്യോഗസ്​ഥരെ വിവരം അറിയിച്ചു.

യുവാവിന്​ ഇംഗ്ലീഷ് അറിയാത്തതിനാൽ ആദ്യഘട്ടത്തിൽ ആശയം വിനിമയം ബുദ്ധിമുട്ടായി. തുടർന്ന്​ ചൈനീസ്​ ഭാഷ അറിയുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. ഇയാളുടെ സഹായത്താൽ രഹസ്യാന്വേഷണ ഏജൻസികൾ ഹാൻ ജുൻവെയെ ചോദ്യം ചെയ്യുകയാണ്​.

മാൾഡയിലുള്ള ബംഗ്ലാദേശ്​ അതിർത്തി ഏറെ കുപ്രസിദ്ധമാണ്​. മയക്കുമരുന്ന്, ആയുധങ്ങൾ, കന്നുകാലി എന്നിവയുടെ കള്ളക്കടത്തും അനധികൃത കുടിയേറ്റവും ഇവിടെ സജീവമാണെന്ന്​ അധികൃതർ പറയുന്നു. ഈ മേഖലയിൽ ബി.എസ്.എഫിൻെറ ദക്ഷിണ ബംഗാൾ വിഭാഗമാണ്​ കാവൽ നിൽക്കുന്നുന്നത്​.

ഹാൻ ജുൻ‌വെയ് തനിച്ചാണോ അതോ കൂടെ ആരെങ്കിലും ഇന്ത്യയിലേക്ക്​ കടന്നുകയറിയോ എന്ന് സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്​. ബംഗ്ലാദേശ് സന്ദർശനത്തിൻെറ ഉദ്ദേശ്യത്തെക്കുറിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കൂടുതൽ വിശദാംശങ്ങളും അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനുള്ള കാരണങ്ങളും അറിയാൻ കഴിയുകയുള്ളൂവെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Chinese national arrested for trespassing on Indo-Bangladesh border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.