നാഗർകോവിൽ: കൂടംകുളം ആണവനിലയത്തിൽ ഉപയോഗത്തിന് ശേഷമുള്ള ഇന്ധനത്തിന്‍റെ അവശിഷ്ടങ്ങൾ നിലവിലെ പ്ലാന്റിനുള്ളിൽ സംരക്ഷിക്കുന്നതിനെതിരെ തമിഴ്നാട് സ്പീക്കർ എo. അപ്പാവു രംഗത്ത്. ശ്രീലങ്കയിൽ ചൈനയുടെ സാന്നിദ്ധ്യം കൂടി വരുന്നതിന്റെ പശ്ചാതലത്തിലാണ് സ്പീക്കറുടെ മുന്നറിയിപ്പ്. കൂടാതെ അടുത്തിടെ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് കൂടംകുളം ആണവനിലയത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന യൂനിറ്റ് മൂന്ന് , നാല് എന്നിവയിലെ ഇന്ധനമായ സമ്പുഷ്ട യുറേനയത്തിന്‍റെ ഉപയോഗശേഷമുള്ള മാലിന്യം നിലവിലെ പ്ലാന്‍റിനുള്ളിൽ സംരക്ഷിക്കാൻ അനുവാദം നൽകിയതിനെയും സ്പീക്കർ നിശിതമായി വിമർശിച്ചു.
ശ്രീലങ്ക ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണെങ്കിലും നിലവിലെ സ്ഥിതി വ്യത്യാസമാണ്. ചൈനയ്ക്ക് ശ്രീലങ്കയിലുള്ള സ്വാധീനം കൂടംകുളത്തിന് അപത്താണ്. കൂടാതെ തമിഴ് നാടിന്റെ തെക്കൻ ജില്ലകളെയും കേരളത്തെയും ഇത് സാരമായി ബാധിക്കും. കൂടാതെ ഐ.എസ്.ആർ.ഒ യുടെ സഹോദര സ്ഥാപനo മഹേന്ദ്രഗിരിയിലാണ് ഉള്ളത്. ഇക്കാരണത്താൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന്റെ അവശിഷ്ടങ്ങളെ കർണാടകയിൽ കോളാറിലുള്ള ഉപയോഗ ശൂന്യമായ സ്വർണ്ണഖനി പാടങ്ങളിലോ അല്ലെങ്കിൽ രാജസ്ഥാനിലെ താർ മരുഭൂമിയിലോ നിക്ഷേപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനവാസമില്ലാത്ത സ്ഥലത്തിലാണ് ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ സംരക്ഷിക്കേണ്ടത്. കൂടാതെ നിലവിൽ പ്രവർത്തിച്ച് വരുന്ന യൂനിറ്റ് ഒന്ന്, രണ്ട് എന്നിവയിൽ നിന്നുള്ള ഉപയോഗ ശേഷമുള്ള അവശിഷ്ടങ്ങൾ ശേഖരിച്ച് പ്ലാന്റിനുള്ളിൽ ശേഖരിക്കുന്നുണ്ട്. ഇത് എവിടെയാണ് സൂക്ഷിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് കൂടുതൽ സുതാര്യത ഉണ്ടാകണം. ഒന്നും രണ്ടും യൂനിറ്റിലുള്ള മാലിന്യങ്ങൾ സംരക്ഷിക്കുന്നതിന് ഉള്ള സ്ഥലം നിശ്ചയിക്കുന്നതിന് മുമ്പ് എന്തിനാണ് പ്രവർത്തനം തുടങ്ങാത്ത മൂന്നും, നാലും യൂനിന്റെ കാര്യത്തിൽ തീരുമാനം എടുത്തത്. സ്പീക്കറുടെ നിയോജക മണ്ഡലമായ രാധാപുരത്താണ് കൂടംകുളം പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.