ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി എത്തിയ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് ചെന്നൈയിൽ ഉൗഷ്മള വരവേൽപ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ‘എയർ ചൈന’ പ്രത്യേക വിമാനത്തിൽ മീനമ്പാക്കം വിമാനത്താവളത്തിലിറങ്ങിയ പ്രസിഡൻറ് ഷി ജിൻപിങ്ങിനെ ചുവന്ന പരവതാനി വിരിച്ചാണ് ഇന്ത്യൻ മണ്ണിലേക്ക് വരവേറ്റത്. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം തുടങ്ങിയവർ സ്വീകരിച്ചു.
വിമാനത്താവളത്തിൽ ഭരതനാട്യം, മയിലാട്ടം, കരകാട്ടം, കാവടിയാട്ടം, ഒയിലാട്ടം, ചിലമ്പാട്ടം, പറയാട്ടം തുടങ്ങിയ തമിഴ് പാരമ്പര്യ കലാരൂപങ്ങളും പ്രത്യേകം ഒരുക്കിയിരുന്നു. പൂർണകുംഭത്തോടെ സ്വീകരിക്കാൻ ക്ഷേത്രപൂജാരിമാരും എത്തിയിരുന്നു. തുടർന്ന് ഷി ജിൻപിങ് കാറിൽ ഗിണ്ടിയിലെ െഎ.ടി.സി ഗ്രാൻഡ് ചോഴ ഹോട്ടലിലേക്ക് പോയി. നാലു മണിയോടെ ഷീ ജിൻപിങ് കാർ മാർഗം ഹോട്ടലിൽനിന്ന് 55 കി.മീറ്റർ അകലെയുള്ള മഹാബലിപുരത്തേക്ക് പുറപ്പെട്ടു.
വഴിനീളെ ജനങ്ങൾ പ്ലക്കാർഡുകളും ഇന്ത്യ-ചൈന ദേശീയപതാകകളും വീശി അഭിവാദ്യമർപ്പിച്ചു. വഴിയോരങ്ങളിൽ പ്രവർത്തകരെ എത്തിക്കുന്നതിന് ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികൾ മുൻകൈയെടുത്തിരുന്നു. 36 ഇടങ്ങളിൽ നാദസ്വര കച്ചേരി, ചെണ്ടമേളം, ബാൻഡ്വാദ്യം തുടങ്ങിയവയും അരങ്ങേറി. മഹാബലിപുരത്തുവെച്ച് ഷീ ജിൻപിങ്ങിനെ കേന്ദ്ര വിദേശകാര്യമന്ത്രി ജയ്ശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വൈകീട്ട് അഞ്ച് മണിയോടെ മഹാബലിപുരത്തെ ‘അർജുൻ തപസി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിൻപിങ്ങിനെ സ്വീകരിച്ചു. തമിഴ് ശൈലിയിൽ ഷർട്ടും മുണ്ടുമണിഞ്ഞാണ് മോദിയെത്തിയത്. വെള്ളഷർട്ടും കറുത്ത പാൻറ്സുമായിരുന്നു ജിൻപിങ്ങിെൻറ വേഷം. ഇരുവരും ഹസ്തദാനം നടത്തി ഹൃസ്വ സംഭാഷണത്തിനുശേഷം ഏഴാം നൂറ്റാണ്ടിൽ പല്ലവ ഭരണകാലത്ത് നിർമിച്ച ശിൽപ നഗരം ചുറ്റിക്കണ്ടു. പഞ്ചരഥം, കൃഷ്ണെൻറ വെണ്ണക്കല്ല്, കടലോര ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ചു. ഇവയുടെ വാസ്തുവിദ്യകളും ശിൽപ ചാതുര്യവും ചരിത്ര പ്രാധാന്യവും മോദി ഷി ജിൻപിങ്ങിന് വിശദീകരിച്ചു.
സാമ്പാറും രസവും പിന്നെ അടപ്രഥമനും...
മഹാബലിപുരം: തേങ്ങ വറുത്തരച്ച സാമ്പാർ, തക്കാളി രസം, കടല കുറുമ, ഹൽവ, പിന്നെ കേരളത്തിെൻറ സ്വന്തം അടപ്രഥമനും... ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വെള്ളിയാഴ്ച ഒരുക്കിയ അത്താഴവിരുന്നിൽ വിളമ്പിയത് ദക്ഷിണേന്ത്യയുടെ തനതു വിഭവങ്ങൾ. വിരുന്നിനിടെ ചൈനീസ് പ്രസിഡൻറിന് നാച്ചിയാർകോവിൽ വിളക്കും തഞ്ചാവൂർ പെയിൻറിങ്ങും പ്രധാനമന്ത്രി ഉപഹാരമായി നൽകി.
ദക്ഷിണേന്ത്യൻ വിഭവങ്ങൾക്കു പുറെമ ചിക്കനും മട്ടനും ചെമ്മീനുമടങ്ങുന്ന േനാൺവെജ് വിഭവങ്ങളും ഷി ജിൻപിങ്ങിനായി ഒരുക്കിയിരുന്നു. രണ്ടുദിവസത്തെ അനൗപചാരിക ഉച്ചകോടിക്കായെത്തിയ ഷി ജിൻപിങ്ങും മോദിയും അത്താഴവിരുന്നിനിടെ രണ്ടര മണിക്കൂറോളം സംഭാഷണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഭീകരവാദം ഉയർത്തുന്ന വെല്ലുവിളിയും വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും സംഭാഷണത്തിനിടെ ഇരുവരും ചർച്ച ചെയ്തതായും ഗോഖലെ വ്യക്തമാക്കി.
തുടർന്ന് കടൽക്കര ക്ഷേത്രാങ്കണത്തിൽ ‘കലാക്ഷേത്ര’യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ‘കലാസന്ധ്യ’ ഇരുവരും ആസ്വദിച്ചു. രാത്രി എട്ടു മണിയോടെ അത്താഴവിരുന്നിനുശേഷം ഷി ജിൻപിങ് ഹോട്ടലിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇരുനേതാക്കളും മഹാബലിപുരത്ത് ചർച്ച നടത്തും. ഭീകരവാദത്തിന് പുറമെ വ്യാപാരം, പ്രതിരോധം, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.