ന്യൂഡൽഹി: ലഡാക്കിലെ ദെപ്സാങ് മേഖലയിൽ ചൈന ഷെൽട്ടറുകൾ നിർമിച്ചതിനെതിരെ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് വീണ്ടും രംഗത്ത്. ഈ വിഷയത്തിൽ സർക്കാറിന്റെ നിശ്ശബ്ദതക്കെതിരെയായിരുന്നു കടന്നാക്രമണം. 2020 ഏപ്രിലിനു മുമ്പുള്ള സ്ഥിതി ഉറപ്പാക്കാൻ എന്തു നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്ന ചോദ്യവും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ ഉന്നയിച്ചു. ആരോപണങ്ങളോട് സർക്കാർ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞമാസം ഇന്തോനേഷ്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനം നടത്തിയതിനെയും വക്താവ് വിമർശിച്ചു. മാധ്യമ റിപ്പോർട്ടുകൾ മുഖവിലക്കെടുത്താൽ, ഡെപ്സാങ്ങിൽ ചൈന വ്യാപകമായി താപനില നിയന്ത്രണ സംവിധാനമടക്കമുള്ള കൂടാരങ്ങൾ നിർമിച്ചിട്ടുണ്ട്. അത് ഏതു സമയത്തും എന്താവശ്യത്തിനും ഉപയോഗിക്കാം. ഇത്തരം 200 ഷെൽട്ടറുകൾ നിർമിച്ചിട്ടുണ്ട്- എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അവർ ആരോപിച്ചു.
ഡെപ്സാങ്ങും ഡെംചോക്കും തന്ത്രപ്രധാന സ്ഥലങ്ങളാണ്. ഡെപ്സാങ്ങിന്റെ വലിയൊരു ഭാഗം ചൈന കൈവശപ്പെടുത്തി. പാംഗോങ് ത്സോ തടാകത്തിന് ചുറ്റും ചൈന വൻതോതിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
മോദിയുടെ നികൃഷ്ടമായ നിശ്ശബ്ദതയും 'ഞങ്ങളുടെ പ്രദേശത്ത് ആരും പ്രവേശിച്ചിട്ടില്ല' എന്ന ക്ലീൻ ചിറ്റും ചൈനക്ക് ധൈര്യം പകരുന്നതാണ്. ഷെൽട്ടർ നീക്കാൻ എന്തു നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് അവർ ഓർമിപ്പിച്ചു. പാർലമെന്റ് ഉൾപ്പെടെ ലഭ്യമായ എല്ലാ വേദികളിലും കോൺഗ്രസ് ഈ വിഷയങ്ങൾ ഉന്നയിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.