കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചു. എയർ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. 'ചോർ, ചോർ' എന്ന് ആശുപത്രിയിൽ കൂടിനിന്നവർ മന്ത്രിയെ പരിഹസിച്ചു.
തിങ്കളാഴ്ച പുലർച്ചെ എയർ ആംബുലൻസ് വഴി എയിംസ് ഭുവനേശ്വറിലേക്ക് മാറ്റിയ തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജിയെ ആശുപത്രിക്ക് പുറത്തുകൂടിയ ജനക്കൂട്ടം 'ചോർ, ചോർ' വിളികളുമായാണ് 'അഭിവാദ്യം' ചെയ്തത്.
പശ്ചിമ ബംഗാളിൽ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്.എസ്.സി) അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ചയാണ് പാർത്ഥയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ അയച്ചതിന് ശേഷം അദ്ദേഹം ദേഹാസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ ഉത്തരവനുസരിച്ച് ശനിയാഴ്ച വൈകുന്നേരം എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, "ഇത് നിയമപ്രകാരമല്ല" എന്ന് പറഞ്ഞ് ഇ.ഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഇതിനെതിരെ പ്രതികരിച്ച ഹൈക്കോടതി, പാർത്ഥയെ എയിംസിലേക്ക് മാറ്റാൻ ഇ.ഡിയോട് ഉത്തരവിട്ടു. പശ്ചിമ ബംഗാളിലെ ഡയമണ്ട് സിറ്റിയിലെ മൂന്ന് ഫ്ലാറ്റുകളാണ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് ശേഷം ഇ.ഡി കണ്ടെത്തിയത്. നായ പ്രേമി എന്നറിയപ്പെടുന്ന മന്ത്രിയുടെ പൂർണമായും എയർകണ്ടീഷൻ ചെയ്ത ഫ്ലാറ്റുകളിൽ ഒന്ന് നായകൾക്കുള്ളതാണ്.
മുൻ വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത അനുയായ അർപിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ നിന്ന് 21 കോടി രൂപയുടെ പണവും ഒരു കോടി രൂപക്ക് മുകളിൽ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തതിനെ തുടർന്നാണ് പാർത്ഥ ചാറ്റർജിയുടെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.