ഷാജഹാൻപൂർ (ഉത്തർപ്രദേശ്): പ്രാർഥന ചടങ്ങിനിടെ അതിക്രമിച്ചു കയറി മർദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ ജില്ല പോലീസ് മേധാവിയെ കണ്ടു. 20 ഓളം വരുന്ന സംഘമാണ് കഴിഞ്ഞ ദിവസം പ്രാർഥന കേന്ദ്രത്തിൽ അതിക്രമിച്ചു കയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ക്രൂരമായി മർദിച്ചത്. എന്നാൽ, മർദനമേറ്റവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ലൗ ജിഹാദിന്‍റെ പേരിൽ പുതുതായി ഉണ്ടാക്കിയ മതംമാറ്റ നിരോധന നിയമപ്രകാരമാണ് പ്രാർഥനക്ക് നേതൃത്വം കൊടുത്ത പാസ്റ്റർ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
'സ്വർഗ് കാ ശുഭ് സമാചാർ' എന്ന പേരിൽ നടന്ന ചടങ്ങിലേക്ക് വി.എച്ച്.പി നേതാവ് രാജേഷ് അവസ്തി, ശ്യാം മിശ്ര, ബജ്റംഗ് ദൾ സിറ്റി കൺവീനർ രാം ലഖൻ വർമ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടത്. തുടർന്ന് പാസ്റ്റർ അടക്കമുള്ളവരെ ഇവർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമികളുടെ നിർദേശപ്രകാരം പൊലീസ് ഏകപക്ഷീയമായി ക്രസ്തുമത വിശ്വാസികൾക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് ഷാജഹാൻപൂർ എസ്.പി ആനന്ദിന് നൽകിയ പരാതിയിൽ ക്രിസ്ത്യൻ നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും വസ്തുതകൾ അടിസ്ഥാനമാക്കി നടപടിയെടുക്കുമെന്നും എസ്.പി ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രാർഥനക്കെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ മർദിച്ച് തെരുവിലൂടെ വലിച്ചിഴക്കുകയായിരുന്നു. ആക്രമണത്തിൽ നേഹ എന്ന സ്ത്രീക്ക് കൈക്കും നൈന എന്ന പതിനാലുകാരിക്ക് കാലിനും ഒടിവുണ്ട്. ജയ് ശ്രീറാം വിളിക്കണമെന്നും യേശു ക്രിസ്തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട അക്രമികൾ അല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് ബജ്റംഗ്ദൾ, വി.എച്ച്.പി നേതാക്കളുടെ പരാതിയിൽ പൊലീസ് വിവാദ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തമിഴ്നാട്ടുകാരനായ പാസ്റ്റർ ഡേവിഡ്, കന്യാകുമാരിയിൽ നിന്ന് അദ്ദേഹത്തെ കാണാൻ വന്ന ജഗൻ, അവർ താമസിച്ച കെട്ടിടത്തിെൻറ ഉടമകൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.