അമൃത്സർ: പഞ്ചാബിന്റെ ഗ്രാമീണ മേഖലയിൽ ക്രൈസ്തവത പടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സ്വന്തം മതാചാരങ്ങൾ പ്രചരിപ്പിക്കാൻ സിഖ് പുരോഹിതർ ഗ്രാമങ്ങൾ സന്ദർശിക്കണമെന്നും സിഖ് പരമോന്നത ആസ്ഥാനമായ അകാൽതക്ത് തലവൻ (ജതേദാർ) ഗ്യാനി ഹർപ്രീത് സിങ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരവധി ചർച്ചുകൾ നിർമിക്കപ്പെടുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഹർപ്രീത് സിങ് പറഞ്ഞു. സുവർണക്ഷേത്രത്തിലെ സൈനികനടപടിയായ 'ഓപറേഷൻ ബ്ലൂസ്റ്റാറി'ന്റെ 38ാം വാർഷികത്തിൽ അമൃത്സറിലെ അകാൽതക്തിൽ നടത്തിയ പ്രഭാഷണത്തിലാണ് സിഖ് നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സമുദായത്തിലെ ചെറുപ്പക്കാർക്ക് സിഖ് ആയോധനകലയിലും മറ്റു പരമ്പരാഗത ആയുധങ്ങളിലും പരിശീലനം നൽകണമെന്നും ജതേദാർ ആഹ്വാനം ചെയ്തു. ''മത-സാമൂഹിക-സാമ്പത്തിക മേഖലകളിൽ നാം പലവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്.
മതപരമായ മേഖലയിൽ നമ്മെ ദുർബലമാക്കാൻ ക്രൈസ്തവത വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. മുൻകാല ആചാര്യന്മാർ ചെയ്തിരുന്നപോലെ സിഖ് മതം പ്രചരിപ്പിക്കാൻ സ്ഥാപനങ്ങളും സംഘടനകളും അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കുകയും യുവതലമുറയെ ഉറപ്പിച്ചുനിർത്തുകയും വേണം'' -അദ്ദേഹം പറഞ്ഞു.
1984ൽ, സുവർണക്ഷേത്രത്തിൽ സായുധരായി സംഘടിച്ച വിഘടനവാദി നേതാവ് ജെർണയിൽ സിങ് ഭിന്ദ്രൻവാലയെയും സംഘത്തെയും വധിച്ച ഓപറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടി അനുസ്മരിച്ച് നടത്തിയ ചടങ്ങിൽ ചിലർ ഖാലിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭിന്ദ്രൻവാലയുടെ ചിത്രം പതിച്ച വസ്ത്രങ്ങളണിഞ്ഞാണ് ചിലർ ചടങ്ങിനെത്തിയതെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.