പരീക്ഷകളിൽ തോൽക്കേണ്ടി വന്നവരാണ് പലരും. അതുകൊണ്ട് തന്നെ മാതാപിതാക്കളിൽനിന്ന് ശകാരവും തല്ലുമെല്ലാം വാങ്ങിയ ബാല്യമായിരിക്കും മിക്കവർക്കും. എന്നാൽ, അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഉത്തരക്കടലാസിൽ കുറിപ്പെഴുതി മകളുടെ ആത്മവിശ്വാസം വളർത്താൻ ശ്രമിച്ച ഒരമ്മയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സൈനബ് എന്ന കശ്മീരി പെൺകുട്ടിയാണ് ആറാം ക്ലാസിൽ പഠിക്കുമ്പോഴുള്ള കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് 11 വർഷങ്ങൾക്ക് ശേഷം സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കണക്ക് പരീക്ഷയിൽ പലപ്പോഴും പരാജയപ്പെട്ടിരുന്ന സൈനബ് ഉത്തരക്കടലാസ് അമ്മയെ ഏൽപ്പിക്കുമ്പോൾ അവർ ചില വാക്കുകൾ അതിൽ കുറിക്കുമായിരുന്നു. അതിലെ വാക്കുകൾ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ സഹായിച്ചെന്നും തുടർന്നുള്ള പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാൻ സഹായിച്ചെന്നും പെൺകുട്ടി പറയുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ ഉത്തരക്കടലാസുകൾ കണ്ട പെൺകുട്ടി വളരെ വൈകാരികമായാണ് അമ്മയുടെ പ്രവൃത്തിയെ വിലയിരുത്തുന്നത്. ഒരു ഉത്തരക്കടലാസിൽ പൂജ്യവും മറ്റൊന്നിൽ രണ്ടും ആയിരുന്നു ഉത്തരക്കടലാസിലെ മാർക്കുകൾ.
പരാജയങ്ങളിൽ മറ്റു രക്ഷിതാക്കൾ പഴി പറയുമ്പോൾ തന്റെ അമ്മ അതിൽനിന്ന് വ്യത്യസ്തത പുലർത്തിയിരുന്നെന്നും അത് തന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചതായും സൈനബ് പറയുന്നു. ഒരു ഉത്തരക്കടലാസിലെ അമ്മയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു "പ്രിയപ്പെട്ടവളേ... നിന്റെ പരാജയം നീ എനിക്ക് മുന്നിൽ തുറന്ന് കാണിച്ചപ്പോൾ നീ എത്ര ധീരയാണെന്ന് ഈ അമ്മ തിരിച്ചറിയുന്നു". ഈ വാക്കുകൾ വളരെയധികം മോട്ടിവേഷൻ നൽകിയെന്നും ആ മൂല്യങ്ങൾ ഇപ്പോഴും തന്റെ ജീവിതത്തിൽ ഉണ്ടെന്നും സൈനബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.