ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്പസിന്‍റെ സുരക്ഷാ ചുമതല ജൂൺ 14 മുതൽ സി.ഐ.എസ്.എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീർപേട്ടിലെ ജിനോം വാലിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ രജിസ്റ്റർ ചെയ്ത ഓഫീസിനും പ്ലാന്‍റിനും സി.ഐ.എസ്.എഫിന്‍റെ 64 അംഗ സംഘം സുരക്ഷ ഒരുക്കും.
ഒരു മാസം മുമ്പാണ് സുരക്ഷ ആവശ്യപ്പെട്ട് ഭാരത് ബയോടെക് സി.ഐ.എസ്.എഫിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സമീപിച്ചത്. അപേക്ഷയിൽ വിശദ പരിശോധന നടത്തിയ ശേഷമാണ് സുരക്ഷ നൽകാൻ കേന്ദ്രം തിരുമാനിച്ചത്. സേനയുടെ ചെലവ് ഭാരത് ബയോടെക് വഹിക്കും.
രാജ്യത്തിന്‍റെ മെഡിക്കൽ, ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താൻ പ്രവർത്തിക്കുന്ന ഭാരത് ബയോടെക് തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സി.ഐ.എസ്.എഫ് സുരക്ഷ അനുവദിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, കോവിഡ് വാക്സിനുകളിലൊന്നായ കോവിഷീൽഡിെൻറ നിർമാതാക്കളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനവാലക്ക് സി.ആർ.പി.എഫിന്‍റെ വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കോവിഷീൽഡിന്‍റെ വില വർധനവിനെതിരെ വൻ പ്രതിഷേധമുയർന്നതോടെ വാക്സിൻ സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപക്ക് നൽകാമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതിന് പിന്നാലെ വൈ കാറ്റഗറി സുരക്ഷയുടെ വാർത്ത പുറത്ത് വന്നത്.
ഇതിന് പിന്നാലെ അദാർ പൂനെവാലക്കും കുടുംബത്തിനും സ്ഥാപനങ്ങൾക്കും ഇസഡ് പ്ലസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ദത്ത മാൻ മുംബൈ ഹൈകോടതിയെ സമീപിച്ചിരുന്നു. കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദാർ പൂനെവാല, ഇന്ത്യ വിട്ട് ലണ്ടനിലേക്ക് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.