പൗരത്വ നിയമം: ആളുന്ന പ്രതിഷേധം; വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഇന്ത്യയിലെ മുസ്ലിംകൾ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വത്തെ നിയമം ഒരുവിധത്തിലും ബാധിക്കില്ല. രാജ്യത്തെ ഹിന്ദുക്കൾക്ക് തുല്യമായ അവകാശങ്ങൾ അനുഭവിച്ചു പോരുന്ന ഇന്ത്യൻ മുസ്ലിംകളുമായി ഈ നിയമത്തിന് ഒരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

സി.എ.എ ചട്ടം പ്രാബല്യത്തിൽ വന്നതോടെ പടരുന്ന ആശങ്കയും പ്രതിഷേധവും കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം. പൗരത്വ ഭേദഗതി നിയമത്തിന്‍റെയോ അതു നടപ്പാക്കുന്നതിന് പുറത്തിറക്കിയ ചട്ടങ്ങളുടെയോ പേരിൽ ഇന്ത്യക്കാരായ ഒരാളോടും പൗരത്വം തെളിയിക്കാൻ ഏതെങ്കിലും രേഖ ഹാജരാക്കാൻ ആവശ്യപ്പെടില്ലെന്ന് സർക്കാർ വ്യക്തമാക്കി.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനം ഇസ്ലാമിന്‍റെ പേര് ലോകമെങ്ങും മോശമാക്കിയിട്ടുണ്ട്. എന്നാൽ, സമാധാനം ഉയർത്തിപ്പിടിക്കുന്ന ഇസ്ലാം മതം ഒരിക്കലും സമുദായാടിസ്ഥാനത്തിൽ വിദ്വേഷം, അക്രമം, പീഡനം എന്നിവയൊന്നും ഉദ്ഘോഷിക്കുന്നില്ല. പീഡനത്തിന്‍റെ പേരിൽ മോശമായി ചിത്രീകരിക്കുന്നതിൽനിന്ന് ഇസ്ലാമിനെ സംരക്ഷിക്കുകയാണ് ഈ നിയമം ചെയ്യുന്നത്. കുടിയേറ്റക്കാരെ തിരിച്ചയക്കാൻ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് കരാർ ഇല്ല. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഉദ്ദേശിച്ചല്ല പൗരത്വ നിയമ ഭേദഗതി. മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണ് സി.എ.എ എന്ന ഒരു വിഭാഗം മുസ്ലിംകളുടെയും വിദ്യാർഥികളുടെയും ആശങ്കക്ക് അതുകൊണ്ടുതന്നെ നീതീകരണമില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

പൗരത്വ നിയമം ആറാം വകുപ്പു പ്രകാരം ലോകത്തെവിടെയുമുള്ള മുസ്ലിംകൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ഒരു വിലക്കുമില്ല. ഇന്ത്യൻ മുസ്ലിംകൾക്കുള്ള സ്വാതന്ത്ര്യമോ അവസരങ്ങളോ ഒരു നിലക്കും ചുരുക്കാതെ തന്നെ, മൂന്ന് അയൽപക്ക രാജ്യങ്ങളിൽനിന്ന് സാമുദായിക പീഡനം മൂലം 2014 ഡിസംബർ 31നു മുമ്പ് ഇവിടെ എത്തിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത കാലയളവ് 11ൽനിന്ന് അഞ്ചു വർഷമായി ചുരുക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിൽ ചെയ്തിരിക്കുന്നത്. അത്തരക്കാർക്ക് ഉദാര പരിഗണന നൽകുന്നതിനു വേണ്ടിയാണിത് -ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

അഭയാർഥികളെ ആദരിച്ചു -അമിത് ഷാ

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിന്ദു, ബുദ്ധ, സിഖ്, ജൈന അഭയാർഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും കാരണമാണ് കോൺഗ്രസ് നിയമത്തെ എതിർക്കുന്നതെന്നും ബി.ജെ.പി സോഷ്യൽ മീഡിയ വളന്റിയർമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് ഷാ ആരോപിച്ചു.

Tags:    
News Summary - Citizenship Amendment Act: central government with explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.