പൗരത്വ നിയമ ഭേദഗതിക്കെതിരെ ഓൾ അസം സ്റ്റുഡന്റ്സ് യൂനിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം: അസമിൽ വ്യാപക പ്രക്ഷോഭം, മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു

ഗുവാഹതി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെ അസമിൽ വ്യാപക പ്രക്ഷോഭം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലങ്ങളും നിയമത്തിന്റെ പകർപ്പും പ്രക്ഷോഭകർ കത്തിച്ചു.

പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം അരങ്ങേറി. ലഖിംപുരിൽ അസം ജാതീയതാബാദി യുബ ഛത്ര പരിഷദ് (എ.ജെ.വൈ.സി.പി) പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിയമത്തിന്റെ പകർപ്പ് കത്തിച്ചു.

ഗുവാഹതിയിലെ പാർട്ടി ആസ്ഥാനമായ രാജീവ് ഭവന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന കോൺഗ്രസ് പ്രവർത്തകർ നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കി. സി.പി.എമ്മും വിവിധ സ്ഥലങ്ങളിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. കോളജ് വിദ്യാർഥികളും നിയമത്തിനെതിരെ രംഗത്തെത്തി.

ശിവസാഗർ ജില്ലയിൽ റെയ്ജർ ദൾ, ക്രിഷക് മുക്തി സംഗ്രാം സമിതി, ഛത്ര മുക്തി പരിഷദ് തുടങ്ങിയ സംഘടനകൾ നിയമത്തിനെതിരെ സമരം നടത്തി. അതേസമയം, ഐക്യ പ്രതിപക്ഷ ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ശിവസാഗർ, ഗോലാഘട്ട്, നഗാവ്, കാംരൂപ് തുടങ്ങിയ ജില്ലകളിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

ജാമിഅ, ഡൽഹി സർവകലാശാലകളിൽ പ്രതിഷേധം

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് കേന്ദ്ര സർക്കാർ സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ജാമിഅ മില്ലിയ, ഡൽഹി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം.

ഡൽഹി സർവകലാശാലയിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. കാമ്പസിൽ പ്രവേശിച്ച പൊലീസ് പ്രതിഷേധിച്ച പെൺകുട്ടികളെയടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.

ജാമിഅ മില്ലിയ സർവകലാശാല വൈസ്ചാൻസലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികൾക്ക് ശേഷം എം.എസ്.എഫ്, എസ്.എഫ്.ഐ, എൻ.എസ്.യു, ഐസ, എസ്.ഐ.ഒ സംഘടനകൾ സംയുക്ത വാർത്തസമ്മേളനം നടത്തി. പ്രതിഷേധം തടയാൻ കാമ്പസിന് പുറത്ത് അർധസേനാ വിഭാഗത്തെ വിന്യസിച്ചിരുന്നു.

സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ ജാമിഅ നഗർ, ശഹീൻബാഗ്, വടക്കു കിഴക്കൻ ഡൽഹി മേഖലകളിൽ അർധസേന വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ പൊലീസ് ഫ്ലാഗ് ഓഫ് മാർച്ച് നടത്തി.

Tags:    
News Summary - Citizenship Amendment Act: Massive protests in Assam, effigies of Modi and Amit Shah burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.