കൊഹിമ/ ഗുവാഹതി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെ തിരസ്കരിക്കുന്നതായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. നാഗാലാൻഡ്, മേഘാലയ, മിസോറം മുഖ്യമന്ത്രിമാരാണ് ബില്ലിനെ തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് ബിൽ തിരസ്കരിക്കാൻ നാഗാലാൻഡ് മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി നെയ്ഫ്യു റിയോ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ, ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവും വടക്കുകിഴക്കൻ മേഖലയിലെ രാഷ്ട്രീയ പാർട്ടികളും അടക്കം 10 കക്ഷികൾ പൗരത്വ ബില്ലിനെ എതിർക്കാൻ െഎകകണ്ഠ്യേന തീരുമാനിച്ചതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാഗ്മയും അറിയിച്ചു. സാഗ്മയുടെയും അസം ഗണപരിഷത്ത് അധ്യക്ഷൻ അതുൽ ബോറയുടെയും നേതൃത്വത്തിൽ ഗുവാഹതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ജനുവരി ആദ്യം ലോക്സഭയിൽ പാസാക്കിയ നിയമത്തിനെതിരെ നാഗാലാൻഡിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘ബില്ലിനെതിരായ ജനവികാരം മനസ്സിലാക്കിയുള്ള തീരുമാനമാണിെതന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും സാഗ്മ അറിയിച്ചു.’ വടക്കുകിഴക്കൻ മേഖലയിലെ മിക്ക രാഷ്ട്രീയ പാർട്ടികളും ബില്ലിനെ എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർക്കാനുള്ള തീരുമാനം െഎകകേണ്ഠ്യന ആയിരുന്നുവെന്ന് യോഗത്തിൽ സംബന്ധിച്ച മിസോറം മുഖ്യമന്ത്രി സോറംതങ്കയും വ്യക്തമാക്കി. ബിൽ രാജ്യസഭയിൽ പാസാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അസം ഗണപരിഷത്ത് അധ്യക്ഷൻ അതുൽ ബോറ വ്യക്തമാക്കി.
മിസോ നാഷനൽ ഫ്രണ്ട് (മിസോറം), യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, നാഷനൽ പീപ്ൾസ് പാർട്ടി, നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി, ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡമോക്രാറ്റിക് പാർട്ടി, പീപ്ൾസ് ഡമോക്രാറ്റിക് ഫ്രണ്ട്, കെ.എച്ച്.എൻ.എ.എം (മേഘാലയ), നാഗാ പീപ്ൾസ് ഫ്രണ്ട് (നാഗാലാൻഡ്), ഇൻഡിജീനിയസ് പീപ്ൾ ഫ്രണ്ട് ഒാഫ് ത്രിപുര (ത്രിപുര) എന്നിവയും യോഗത്തിൽ സംബന്ധിച്ചു.
ഇന്ത്യയിൽ താമസിക്കുന്ന, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥയിൽ ഇളവു വരുത്തുന്നതാണ് പൗരത്വ ഭേദഗതി ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.