ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി ഇടപെട്ട് കൊല്ലും കൊള്ളിവെയ്പും നിർബാധം തുടരുന്ന മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിന് തടയിടണമെന്ന് പൗരസമൂഹം സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ തേട്ടം കണക്കിലെടുത്ത് പ്രധാനമന്ത്രി മൗനം വെടിയുകയും പ്രശ്നത്തിൽ ഇടപെടുകയും കോടതി മേൽനോട്ടത്തിലുള്ള ട്രൈബ്യൂണലിനെ അന്വേഷണം ഏൽപിക്കുകയും ചെയ്യണം. ട്രൈബ്യൂണൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ വിചാരണ ചെയ്യാൻ അതിവേഗ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും പൗരസമൂഹം ഉന്നയിച്ചു.
മണിപ്പൂരിലെ കുന്നുകളിലും താഴ്വാരങ്ങളിലുമായി മെയ് ആദ്യവാരം തുടങ്ങിയ ആഭ്യന്തര യുദ്ധം മൂലം 300ാളം അഭയാർഥി ക്യാമ്പുകളിലായി 50,000 മനുഷ്യർ കഴിയുകയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ബി.ജെ.പി കളിച്ച ഭിന്നിപ്പിന്റെ രാഷ്ട്രീയം മൂലമാണ് മണിപ്പൂർ കത്തികൊണ്ടിരിക്കുന്നത്. ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളോടും തങ്ങൾ നിങ്ങൾക്കൊപ്പമാണെന്ന് നടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ബി.ജെ.പി നോക്കിയതെന്നും നിരവധി മനുഷ്യാവകാശ, പൗര സമൂഹ ഗ്രൂപ്പുകളും വ്യക്തികളും ഒപ്പിട്ട സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തി.
പി.യു.സി.എൽ, പി.യു.ഡി.ആർ, എ.ഐ.ഡി.ഡബ്ല്യു.എ, എൻ.എ.പി.എം, അൻഹദ്, ഇന്ത്യൻ ക്രിസ്ത്യൻസ് വിമൻ മൂവ്മെന്റ് ഝാർഖണ്ഡ് ജനാധികാർ മഹാസഭ ആനന്ദ് പട്വർധൻ, പമേല ഫിലിപ്പോസ്, യൂസുഫ് മുച്ചാല മനോജ് ഝാ, കവിത ശ്രീവാസ്തവ തുടങ്ങി നിരവധി സംഘടനകളും കലാ സാഹിത്യ നായകരും അഭിഭാഷകരും പാർമെന്റേറിയന്മാരും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.