മോദിക്ക് ക്ഷണം: ന്യായീകരിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതിൽ തെറ്റില്ലെന്നും അക്കാര്യം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സെപ്റ്റംബർ 12ന് പൂജക്ക് പ്രധാനമന്ത്രിയെ വിളിച്ചതിൽ പ്രതിപക്ഷത്തിന്റെയും മുതിർന്ന അഭിഭാഷകരുടെയും രൂക്ഷ വിമർശനമേറ്റുവാങ്ങുന്നതിനിടയിലാണ് സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചീഫ് ജസ്റ്റിസ് ന്യായീകരണവുമായി രംഗത്തുവന്നത്. നവംബർ 10ന് വിരമിക്കാനിരിക്കേ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ന്യായീകരണം.

എന്നാൽ, മോദിയെ പൂജക്ക് വിളിച്ച ചീഫ് ജസ്റ്റിസിന്റെ നടപടി തെറ്റാണെന്ന് പ്രതിപക്ഷം ആവർത്തിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും സുപ്രീംകോടതി, ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികൾ മക്കളുടെ വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കും സന്ദർശിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, ഇത്തരം ചർച്ചകളിൽനിന്ന് കോടതി വിഷയങ്ങളെ ഒഴിച്ചുനിർത്താനുള്ള പക്വത ഭരണാധികാരികൾക്കും ഭരണഘടനാ കോടതികളിലെ ജഡ്ജിമാർക്കുമുണ്ട്. ഭരണാധികാരികളുമായി കോടതിവിഷയങ്ങൾ ചർച്ച ചെയ്യരുതെന്നാണ് പ്രോട്ടോകോൾ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അങ്ങേയറ്റം സുരക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

തങ്ങളുടെ ഉത്തരവാദിത്തമെന്താണെന്ന് ജഡ്ജിമാർക്കും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് രാഷ്ട്രീയക്കാർക്കുമറിയാം. സ്വതന്ത്ര ജുഡീഷ്യറിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ക്ഷണിച്ചുവരുത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മറ്റു ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും കഴിയില്ല. ഭരണാധികാരികളെ കാണുമ്പോഴെല്ലാം കോടതികളുടെ അടിസ്ഥാന വികസനവും മറ്റുമാണ് ചർച്ച ചെയ്യാറുള്ളത്. ഇത്തരം വിഷയങ്ങൾ ഭരണാധികാരികളുമായി ചർച്ച ചെയ്തില്ലെങ്കിൽ പിന്നെങ്ങിനെ പരിഹരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ന്യായീകരണം തള്ളി പ്രതിപക്ഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിൽ പൂജക്ക് വിളിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ന്യായീകരണം തള്ളിയ പ്രതിപക്ഷം അദ്ദേഹം ചെയ്തത് തെറ്റാണെന്നും ഭരണഘടന തത്വങ്ങൾക്ക് എതിരാണെന്നും ആവർത്തിച്ചു.

സുപ്രീംകോടതിയിലുള്ള കേസുകളുടെ കാര്യങ്ങൾ മോദിയുമായി ചർച്ച ചെയ്തില്ലെന്ന ചീഫ് ജസ്റ്റിസിന്റെ വാദം മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും എൻ.സി.പി നേതാവുമായ മജീദ് മേമൻ തള്ളി. പറഞ്ഞത് അദ്ദേഹം മാത്രമേ വിശ്വസിക്കൂവെന്നും പ്രതികരിച്ചു.

പക്ഷപാതമില്ലാതെ പ്രവർത്തിക്കേണ്ട ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ ഇത്തരമൊരു ചടങ്ങിന് വീട്ടിലേക്ക് വിളിച്ച നടപടി ആശാസ്യമല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് നേതാവ് റാശിദ് ആൽവി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവിനെ ചീഫ് ജസ്റ്റിസ് ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ആൽവി ചോദിച്ചു.

സെപ്റ്റംബറിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വീട്ടിൽ നടന്ന ഗണേശ പൂജയിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി (ഫയൽ ചിത്രം)

Tags:    
News Summary - CJI DY Chandrachud Breaks Silence On PM Modi’s Visit On Ganesh Puja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.