ഭോപ്പാൽ: സഹപാഠിയുടെ പണം മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കഴുത്തിൽ ചെരുപ്പ് മാല ചാർത്തി ഹോസ്റ്റൽ സൂപ്രണ്ട് പരേഡ് നടത്തി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ദംജിപുര ഗ്രാമത്തിലെ ആദിവാസി പെൺകുട്ടികളുടെ സർക്കാർ ഹോസ്റ്റലിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.
ജില്ല കളക്ടർ അമൻവീർ സിങിന് ബെയ്ൻസിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബെയ്ൻസ് പറഞ്ഞു.
അതേസമയം, പരാതിയെ തുടർന്ന് ഹോസ്റ്റൽ വനിതാ സൂപ്രണ്ടിനെ പദവിയിൽ നിന്ന് നീക്കിയതായി ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് കമീഷണർ ശിൽപ ജെയിൻ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന ഹോസ്റ്റലിൽ മകളെ കാണാൻ പോയപ്പോൾ തനിക്ക് നേരിട്ട ദുരനുഭവം കുട്ടി പറഞ്ഞതായി പിതാവ് പറഞ്ഞു. ടഹോസ്റ്റൽ മേറ്റിൽ നിന്ന് 400 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് ശിക്ഷയായി മുഖത്ത് പ്രേതത്തെപ്പോലെ ചായങ്ങൾ പുരട്ടി. കഴുത്തിൽ ചെരുപ്പ് മാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിൽ പരേഡ് ചെയ്യാനും സൂപ്രണ്ട് നിർബന്ധിച്ചു. സംഭവത്തിന് ശേഷം മകൾ ഹോസ്റ്റലിൽ താമസിക്കാൻ തയ്യാറായില്ല'- പിതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.