ഐ.പി.എസ് ചമഞ്ഞ് എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള യുവാവ്; നിരവധി സ്ത്രീകളിൽനിന്ന് കവർന്നത് ലക്ഷങ്ങൾ

ന്യൂഡൽഹി: എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള യുവാവ് ഐ.പി.എസ് ഓഫീസർ ചമഞ്ഞ് സ്ത്രീകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. വികാസ് യാദവ് എന്ന പേരിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആൾമാറാട്ടം നടത്തിയ വികാസ് ഗൗതം എന്ന യുവാവാണ് പ്രതി. ചുവന്ന ബീക്കൺ ഘടിപ്പിച്ച സർക്കാർ ജീപ്പിന് മുന്നിൽ നി​ന്നെടുത്ത ചിത്രമാണ് ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഡൽഹിയിലെ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു വനിത ഡോക്ടറാണ് ഇയാളുടെ തട്ടിപ്പിൽപെട്ട സ്ത്രീകളിൽ ഒരാൾ. ഡോക്ടറെ വിശ്വാസത്തിലെടുത്ത് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,000 രൂപ പിൻവലിച്ചു.

ഒടുവിൽ, ഇയാൾ ഒരു തട്ടിപ്പുകാരനാണെന്ന് ഡോക്ടർ കണ്ടെത്തിയപ്പോൾ, അവർ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. തുടർന്ന് ഇയാൾ അവരെ ഭീഷണിപ്പെടുത്തി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ആരംഭിച്ച് ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാൾ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.

വികാസ് ഗൗതം മധ്യപ്രദേശിലെ ഗ്വാളിയോർ നിവാസിയാണെന്ന് ഡൽഹി പൊലീസ് ഓഫീസർ ഹരീന്ദർ സിംഗ് പറഞ്ഞു. പ്രതി എട്ടാം ക്ലാസ് പാസായ ശേഷം ഒരു വ്യവസായ പരിശീലന സ്ഥാപനത്തിൽ വെൽഡിംഗ് കോഴ്‌സ് ചെയ്തു. നോർത്ത് ഡൽഹിയിലെ ഒരു ഹോട്ടലിലും ഇയാൾ ജോലി നോക്കിയിരുന്നു. 

Tags:    
News Summary - Class 8-Pass Poses As Cop With Red Beacon Car In Delhi, Cheats Many Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.