അഭിഷേക് സിങ്

രാഷ്ട്രീയ പ്രവേശനം പരാജയപ്പെട്ടു; മുൻ ഐ.എ.എസ് ഓഫിസറുടെ പുനഃപ്രവേശനം വിലക്കി യോഗി സർക്കാർ

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലിറങ്ങാൻ സർവിസിൽനിന്ന് രാജിവെച്ച ഐ.എ.എസ് ഓഫിസറെ ജോലിയിൽ പുനഃപ്രവേശിക്കുന്നത് തടഞ്ഞ് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ.  2011 ബാച്ച് ഐ.എ.എസ് ഓഫിസറായ അഭിഷേക് സിങ് രാഷ്ട്രീയ പ്രവേശന മോഹവുമായി 2023 ഒക്ടോബറിൽ രാജിവെച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ജാൻപൂർ സീറ്റിൽ മൽസരിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്രത്തിന്റെ ഒന്നാംപേജിൽ മുഴുപരസ്യം നൽകി സാധാരണക്കാർക്കായി അയോധ്യയിലേക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്നുവരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാതിരുന്നതോടെ രാഷ്ട്രീയത്തിലെ പ്രതീക്ഷകൾ അസ്തമിച്ചു. അവധിക്കപേക്ഷിക്കാതെ ലീവിൽ പോയെന്ന് കാണിച്ച് 2023ൽ അഭിഷേകിനെ സർക്കാർ സസ്​പെന്റും ചെയ്തു. റെവന്യൂ ബോർഡിൽ സർവിസിലിക്കെ 2014 ഒക്ടോബറിൽ അഭിഷേക് സസ്​പെൻഷൻ നടപടി നേരിട്ടിരുന്നു.

തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ ഇദ്ദേഹം തന്റെ രാജി പിൻവലിച്ച് സർവിസിൽ തിരികെ പ്രവേശിക്കാൻ അപേക്ഷ നൽകിയെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപേക്ഷ നിരസിക്കുകയായിരുന്നു.

അഭിഷേക് വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. ഗായകൻ ബി. പ്രാഗിന്റെ 2020ൽ പുറത്തിറങ്ങിയ ‘ദിൽ തോഡ് കെ’ എന്ന സംഗീത ആൽബത്തിലും ജുബിൻ നുത്യാലിന്റെ ‘തുജെ ഭൂൽന തു ചാഹ’ എന്ന ആൽബത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഇവ പുറത്തുവന്നതിനുശേഷം ‘ഡൽഹി ക്രൈം’ എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിന്റെ സീസൺ രണ്ടിലും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ചിൽ ‘ചാർ പന്ത്രഹ്’ എന്ന ​ഹ്രസ്വ ചിത്രം ചെയ്തിരുന്നു. എന്നാൽ, സിനിമയിൽ ക്ലച്ച് പിടിക്കാൻ സാധിക്കാതിരുന്നതിനാൽ വീണ്ടും ജോലിയിൽ തുടരുകയായിരുന്നു. അതിനിടെയാണ് രാഷ്ട്രീയ മോഹമുദിക്കുകയും അത് തകരുകയും ചെയ്തത്.

യു.പിയിലെ മുൻ അഖിലേഷ് യാദവ് സർക്കാറിൽ ഖനി മാഫിയയെ നേരിട്ട് പ്രസിദ്ധയായ ഐ.എ.എസ് ഓഫിസർ ദുർഗ ശക്തി നാഗ്പാൽ ആണ് അഭിഷേകിന്റെ ഭാര്യ.

Tags:    
News Summary - CM Yogi denies permission to ex-IAS officer to resume career after political failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.