കോയമ്പത്തൂർ: ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിൽ. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി.എം നഗർ, ഉക്കടം സ്വദേശികളാണ് ഇവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനുമായി അടുത്ത ബന്ധം ഉള്ളവരായിരുന്നു.
ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ക്ഷേത്രത്തിന് സമീപത്തെ ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നാലുപേർ കാറിനകത്തേക്ക് സാധനങ്ങൾ വെക്കുന്നത് പതിഞ്ഞിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ 2009ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.