ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ സ്ഫോടന കേസ് എൻ.ഐ.എക്ക് കൈമാറാൻ കേന്ദ്ര സർക്കാരിന് ശിപാർശ നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി ശിപാർശ ചെയ്തത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് ചെന്നൈയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.ജി.പി ശൈലേന്ദ്ര ബാബു ഐ.പി.എസ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് കേസ് എൻ.ഐ.എക്ക് കൈമാറാൻ ശിപാർശ ചെയ്തത്.
ഞായറാഴ്ച പുലർച്ചെയാണ് കോയമ്പത്തൂർ നഗരത്തിലെ ഉക്കടം കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ച് ജമീഷ മുബീൻ എന്ന യുവാവ് മരിച്ചത്. ഗ്യാസിൽ ഓടുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്രത്തിന് മുമ്പിലുണ്ടായ അപകടം ചാവേർ ആക്രമണമാണെന്ന ആരോപണങ്ങൾക്ക് പിന്നാലെ തമിഴ്‌നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലാവുകയും ഇവർക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ജമീഷ മുബീന്റെ സുഹൃത്തുക്കളായ ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ദൻഹ, മുഹമ്മദ് നിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു.
നിലവിൽ നാലു തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂർ പൊലീസ് പ്രതികൾക്ക് കിട്ടിയ സഹായം, ഗൂഢാലോചന എന്നിവയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. സ്‌ഫോടനത്തിനു ഉപയോഗിച്ച ചേരുവകൾ, അവ എങ്ങനെ കിട്ടി തുടങ്ങിയവ കാര്യത്തിൽ പൊലീസും ഫോറെൻസിക് സംയുക്ത അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ അറസ്റ്റും ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.