ന്യൂഡൽഹി: കൂട്ടായ നേതൃത്വത്തിൽ തീരുമാനങ്ങളെടുക്കുക എന്നതാണ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ബി.ജെ.പിയെ എതിർക്കുന്നതിനുമുള്ള കോൺഗ്രസിന്‍റെ മുന്നിലെ ഏക പോംവഴിയെന്ന് ജി23 നേതാക്കൾ. രാജ്യസഭ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ ഗുലാം നബി ആസാദിന്‍റെ വസതിയിൽ ചേർന്ന ജി23 നേതാക്കളുടെ യോഗത്തിന് ശേഷമിറക്കിയ പ്രസ്താവനയിലാണ് നേതാക്കൾ ഈ കാര്യം ഉന്നയിച്ചത്.
2024-ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ വിശ്വാസ യോഗ്യമായൊരു ബദൽ സൃഷ്ടിക്കുന്നതിന് സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ചർച്ച ആരംഭിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തോൽവിയെ കുറിച്ചും ഗ്രൂപ്പിന്‍റെ ഭാവി തന്ത്രങ്ങളെ കുറിച്ചും നേതാക്കൾ സംസാരിച്ചു.
ഗുലാം നബി ആസാദ് കോൺഗ്രസ് അധ്യക്ഷ ഗോന്ധിയുമായി ചർച്ച നടത്തി ഗ്രൂപ്പിന്‍റെ വികാരം അവരെ അറിയിക്കുകയും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ജി23 നേതാക്കളുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഞായറാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആസാദും ആനന്ദ് ശർമ്മയും സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സമീകാലത്തായി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് തോൽവികളിലും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും കൂറുമാറ്റത്തെക്കുറിച്ചും ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്ന് നേതാക്കൾ പറഞ്ഞു. തുടർ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കപിൽ സിബൽ, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ശശി തരൂർ, വിവേക് തൻഖ, രാജ് ബബ്ബർ, അഖിലേഷ് പ്രസാദ് സിംഗ്, സന്ദീപ് ദീക്ഷിത് തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. പ്രവർത്തക സമിതി യോഗത്തിലെടുത്ത തീരുമാനങ്ങൾ എല്ലാ ജി23 നേതാക്കളെയും അറിയിക്കുന്നതിനാണ് യോഗം വിളിച്ചതെന്ന് നേതാക്കളറിയിച്ചു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജി-23 നേതാക്കൾ യോഗം വിളിച്ചത്.
ജി-23 നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. 2020 ൽ ഈ നേതാക്കൾ ചേർന്ന് പാർട്ടിയിൽ പുനസംഘടന ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് സമർപ്പിച്ചിരുന്നു.
ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറി നിൽക്കണമെന്നും പാർട്ടിയെ നയിക്കാൻ മറ്റേതെങ്കിലും നേതാവിന് അവസരം നൽകണമെന്നുമുള്ള കപിൽ സിബലിന്‍റെ ആവശ്യത്തിനെതിരെ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരിൽ നിന്നും വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.