ഭോപാൽ: ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ കേസിൽ സ്റ്റാൻഡപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ജനങ്ങളുടെ ഇടയിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക എന്നത് ഓരോ പൗരെൻറയും കർത്തവ്യമാണ് എന്ന് നിരീക്ഷിച്ചായിരുന്നു മധ്യപ്രദേശ് ഹൈകോടതി ഇൻഡോർ ബെഞ്ചിലെ ജസ്റ്റിസ് രോഹിത് ആര്യയുടെ നടപടി. ഇതുവരെ ശേഖരിച്ച തെളിവുകൾവെച്ച് പരിപാടിയിൽ ഒരു വിഭാഗത്തിെൻറ മതവികാരം വ്രണപ്പെടുത്തുന്ന അധിക്ഷേപം നടന്നതായും കോടതി നിരീക്ഷിച്ചു.
ഇൻഡോറിൽ നടന്ന കോമഡി പരിപാടിക്കിടെ ഹിന്ദു ദൈവങ്ങൾക്കെതിരിൽ മോശം പരാമർശം നടത്തി എന്ന് ആരോപിച്ച് ജനുവരി ഒന്നിന് ബി.ജെ.പി എം.എൽഎ മാലിനി ഗൗറിെൻറ മകൻ ഏകലവ്യ സിങ് ഗൗർ നൽകിയ പരാതിയിലാണ് ഫാറൂഖിയെയും നാലുപേരെയും പൊലീസ് അറസ്റ്റു ചെയ്തത്. നിലവിൽ ഇൻഡോറിലെ സെൻട്രൽ ജയിലിലാണ് ഫാറൂഖി. നേരേത്ത മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഫാറൂഖിക്കുപുറമെ, നലിൻ യാദവ്, എഡ്വിൻ ആൻറണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് അറസ്റ്റിലായത്.
ഹാസ്യപരിപാടിയുടെ സംഘാടകരുടെ നിർദേശമനുസരിച്ച് അവർ പരിപാടി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഫാറൂഖിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഇതു തള്ളിയ കോടതി, ഇവർക്കെതിരെ കൂടുതൽ തെളിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണം തുടരുന്നതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.