2024-ലും പ്രതിപക്ഷത്തി​െൻറ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് സാധ്യതയില്ലെന്ന് സീതാറാം യെച്ചൂരി

2024-ലും പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവാൻ സാധ്യതയില്ലെന്ന് സി.പി.എം ജന​റൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക പ്രയാസമുള്ളതിനാൽ സാധ്യത വളരെ കുറവാണ്. അതിനു കഴിയാതെ പോകുന്നത് പോരായ്മയാണെന്നും യെച്ചൂരി പറയുന്നു. പ്രാദേശിക കക്ഷികളിൽ ചിലർ കോൺഗ്രസിനെ തങ്ങളുടെ എതിരാളിയായി കണക്കാക്കുകയാണ്. ഇൗ സാഹചര്യം നിലനിൽക്കുന്ന കാലത്തോളം ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി സാധ്യമായേക്കില്ല. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പ്രതിപക്ഷ സഖ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിയാർജിക്കുകയാണ് വേണ്ടത്. 1989ലും 1996ലും 1997ലും സർക്കാരുകളെ താഴെയിറക്കിയത് കോൺഗ്രസാണ്. ആ സാഹചര്യം ഇപ്പോഴില്ല. ലോക്‌സഭയിലെ രണ്ടക്ക സംഖ്യകൾ കോൺഗ്രസ് മറികടന്നാൽ, 2004-ലേതോ 2009-ലേക്കോ പുനഃസൃഷ്ടിക്കാനാകുമോ എന്നതാണ് പ്രധാനം.

ഛിന്നഭിന്നമായ ഒരു രാഷ്ട്രീയമാണ് രാജ്യത്തുള്ളത്.എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കാൻ കഴിയുന്നത്ര സീറ്റുകൾ നേടാൻ ആഗ്രഹിക്കുകയാണ്. പ്രാദേശിക പാർട്ടികൾക്ക് സീറ്റുകൾ നേടുന്നതിലെ പരിമിതി നമുക്ക് മനസിലാക്കാം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ ബിജെപി ഇതര സഖ്യത്തെ നയിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് പ്രധാനം. കോൺഗ്രസ് സീറ്റ് വർധിപ്പിക്കുകമാത്രമാണ് പോംവഴി.

എക്കാലത്തെയും പോലെ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിയുന്നുണ്ട്. കർഷകരുടെ സമരം, സ്വകാര്യവൽക്കരണത്തിനെതിരായ സമരം, തൊഴിൽ നിയമങ്ങൾ, യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സമരമായാലും ഇടതുപക്ഷം രംഗത്തുണ്ട്. ജനങ്ങളെ അണിനിരത്തുന്നതിലും അവർക്കായി ശബ്ദമുയർത്തുന്നതിലും ഇടതുപക്ഷത്തിന് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് എല്ലാവരും തിരിച്ചറിയുകയാണെന്നും യെച്ചൂരി പറഞ്ഞു. 

Tags:    
News Summary - Common Opposition PM candidate unlikely for 2024, says Sitharam Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.