ബല്ലിയ (യു.പി): നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തർപ്രദേശിൽ മഥുര ഈദ്ഗാഹ് മസ്ജിദിനെ ചൊല്ലി പ്രകോപന പ്രസ്താവനകളുമായി മന്ത്രിമാർ. മഥുര ഈദ്ഗാഹ് മസ്ജിദ് മുസ്ലിംകൾ ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാരായ സ്വരൂപ് ശുക്ലയും ലക്ഷ്മി നാരായൺ ചൗധരിയുമാണ് രംഗത്തുവന്നിരിക്കുന്നത്. ശ്രീകൃഷ്ണ ജന്മഭൂമിയോടു ചേർന്ന വെളുത്ത കെട്ടിടം കൈമാറണമെന്നാണ് പാർലമെന്ററികാര്യ സഹമന്ത്രി സ്വരൂപ് ശുക്ല തിങ്കളാഴ്ച ആവശ്യപ്പെട്ടത്.
ശ്രീകൃഷ്ണ ക്ഷേത്രം മഥുരയിലല്ലാതെ ലാഹോറിലാണോ നിർമിക്കേണ്ടത് എന്നും ഈദ് ഗാഹ് മസ്ജിദിെൻറ ഭാഗങ്ങൾ കൂടി ചേർത്താണ് ക്ഷേത്രം നിർമിക്കേണ്ടതെന്നുമാണ് ലക്ഷ്മി നാരായൺ ചൗധരിയുടെ പ്രസ്താവന.
''അയോധ്യ പ്രശ്നം കോടതി പരിഹരിച്ചപ്പോൾ വാരാണസിയിലെയും മഥുരയിലെയും വെള്ള െകട്ടിടങ്ങൾ ഹിന്ദുക്കളെ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോടതിയുടെ സഹായത്തോടെ മഥുരയിലെ കെട്ടിടം നീക്കപ്പെടും. ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിലെ വെള്ള കെട്ടിടം മുസ്ലിംകൾതന്നെ ഹിന്ദുക്കൾക്ക് കൈമാറണം. ഈ പ്രവൃത്തി പൂർത്തിയാകുന്ന സമയം വരുകതന്നെ ചെയ്യും. ശ്രീരാമവിഗ്രഹത്തിനു മേലുണ്ടായിരുന്ന കളങ്കം ഡിസംബർ ആറിന് കർസേവകർ നീക്കി. ഇപ്പോഴവിടെ മഹാക്ഷേത്രം ഉയരുകയാണ്'' -സ്വരൂപ് ശുക്ല മാധ്യമങ്ങളോടു പറഞ്ഞു. മുൻ ശിയാ വഖഫ് ബോർഡ് അധ്യക്ഷൻ വസീം റിസ്വിയുടെ ഹിന്ദുമത പ്രവേശനത്തെ കുറിച്ച ചോദ്യത്തിന്, മുസ്ലിംകൾ ഈ പാത പിന്തുടർന്ന് ഘർ വാപസി നടത്തണമെന്നും ആവശ്യപ്പെട്ടു.
ഈദ്ഗാഹ് മസ്ജിദ് വളപ്പിനകത്തെ 'കൻസ് ക്വില'യുടെ ശേഷിപ്പുള്ള ഭാഗം വരെ നിർമാണം നടത്തിയാലേ ശ്രീകൃഷ്ണ ക്ഷേത്രം പൂർത്തിയാകൂ എന്നാണ് ചൗധരിയുടെ അവകാശവാദം. ''ജീർണിച്ചുപോയ കൻസ് ക്വില മതിൽ വരെ ക്ഷേത്രം നിർമിക്കേണ്ടതുണ്ട്. മഥുരയിലല്ലാതെ ലാഹോറിലാണോ പിന്നെ കൃഷ്ണ ക്ഷേത്രം നിർമിക്കേണ്ടത്?'' -മന്ത്രി ചോദിച്ചു. ഈദ്ഗാഹിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കാനും ജലാഭിഷേകം നടത്താനുമുള്ള അഖില ഭാരത ഹിന്ദു മഹാസഭയുടെ ആവശ്യം നിരസിക്കപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിമാരുടെ പ്രസ്താവന വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.