ഭോപാൽ: മധ്യപ്രദേശിൽ സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ വിവാഹത്തിൽ വധുക്കൾക്ക് നൽകിയ മേക്കപ്പ് കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും.
ഝബുവ ജില്ലയിൽ മുഖ്യമന്ത്രി കന്യ വിവാഹ്/നിക്കാഹ് യോജന പ്രകാരമാണ് വിവാഹം നടന്നത്. താണ്ട്‍ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കുള്ള പദ്ധതിയായിരുന്നു ഇത്. 296 പേർ ഈ പദ്ധതി വഴി വിവാഹിതരായി. വിവാഹിതരായ വധുക്കൾക്ക് സർക്കാർ സമ്മാനമായി നൽകിയ മേക്കപ്പ് ബോക്സിലാണ് കോണ്ടവും ഗർഭ നിരോധന ഗുളികളും ഉൾപ്പെട്ടത്.
എന്നാൽ, ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഭുർസിങ് റാവത്ത് വിഷയത്തിൽ ആരോഗ്യവകുപ്പിനെ പഴിച്ചു. കന്യാ വിവാഹ് പദ്ധതി പ്രകാരം ഇത്തരത്തിലൊരു സമ്മാനം കൈമാറിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ കുടുംബാസൂത്രണ പദ്ധതി പ്രകാരമാകും ഈ സമ്മാനം കൈമാറിയത്. എന്താണ് വിതരണം ചെയ്ത പാക്കിലെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാ വിവാഹ് പദ്ധതി പ്രകാരം 55,000 രൂപ വധുവിന്റെ കുടുംബത്തിനു നൽകും. അതിൽ ആറായിരം രൂപ ഭക്ഷണം, താമസം എന്നിവക്കായാണ് നൽകുന്നത്. വിതരണം ചെയ്ത മറ്റ് പാക്കറ്റുകളെ കുറിച്ച് അറിയില്ല. -ഭുർസിങ് റാവത്ത് വ്യക്തമാക്കി.
2006 ഏപ്രിലിലാണ് കന്യാ വിവാഹ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വർഷം വിവാഹ പദ്ധതിയിലെ വധുക്കൾക്ക് ഗർഭ പരിശോധന നടത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.