ന്യൂഡൽഹി: ഡി.സി.സി പ്രസിഡൻറുമാരുടെ നിയമനത്തെച്ചൊല്ലി മുതിർന്ന നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഈ മാസം എട്ടിന് കേരളത്തിലേക്ക്. പട്ടികയിൽ മാറ്റമൊന്നുമില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈകമാൻഡ് നേരിട്ട് അനുനയ ചർച്ച നടത്തുന്നുമില്ല. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഈ നേതാക്കൾ അടക്കമുള്ളവരെ കണ്ട് പാർട്ടിയിലെ കലഹാന്തരീക്ഷം അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് താരിഖ് അൻവറെ നിയോഗിച്ചിരിക്കുന്നത്.
ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിച്ചതിനു പിന്നാലെ കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന നടക്കാനുണ്ട്. വിവിധ വിഭാഗങ്ങൾക്കും അതൃപ്തരായവർക്കും അർഹമായ പരിഗണന ലഭിക്കുന്ന വിധത്തിൽ ഈ പുനഃസംഘടന നടത്താൻ പാകത്തിൽ ചർച്ചയിലേക്കും കൂട്ടായശ്രമങ്ങളിലേക്കും നേതൃനിരയെ നയിക്കുന്നതും താരിഖ് അൻവറുടെ വരവിെൻറ ലക്ഷ്യമാണ്.
സെമി കേഡർ സ്വഭാവത്തിലേക്ക് കോൺഗ്രസിനെ മാറ്റിയെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പുതിയ നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിനനുസൃതമായി സംഘടന തെരഞ്ഞെടുപ്പു നടത്തുന്നതിെൻറ സാധ്യതകളും ചർച്ച ചെയ്യും. അതൃപ്തിയുള്ള യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയത്തിനും ഹൈകമാൻഡ് പ്രതിനിധി ഉദ്ദേശിക്കുന്നു. സംസ്ഥാന ചുമതലയുള്ള മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരും ഒപ്പമുണ്ടാവും. കെ.പി.സി.സി സംഘടിപ്പിക്കുന്ന ശിൽപശാലയിൽ ഇവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.