അഗ്നിപഥ് പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ന് കോൺഗ്രസ് പ്രതിനിധിസംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ അഗ്നിപഥ് പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ. കൂടാതെ കേന്ദ്രസർക്കാരിന്‍റെ പകപോക്കൽ രാഷ്ട്രീയത്തിനും അഗ്നിപഥ് പദ്ധതിക്കുമെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് ഞങ്ങൾ ജന്തർ മന്ദറിൽ സത്യഗ്രഹം നടത്തുമെന്നും വൈകുന്നേരം അഞ്ചുമണിക്ക് രാഷ്ട്രപതിയെ കാണുകയും അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.'-അജയ് മാക്കൻ പറഞ്ഞു. കൂടാതെ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് യുവാക്കളോടും പാർലമെന്‍റിലും ചർച്ച ചെയ്യേണ്ടിയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് സത്യഗ്രഹസമരത്തിന് എത്തിയ പാർട്ടി എം.പിമാരെ പൊലീസ് തെറ്റായ രീതിയിൽ കൈകാര്യം ചെയ്ത സംഭവവും കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

എ.ഐ.സി.സിയുടെ ഗേറ്റ് തകർത്താണ് പൊലീസ് അകത്ത് കടന്നത്. രാഹുൽ ഗാന്ധിയെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്യുകയും ഇ.ഡിയും പൊലീസും മുഖേന അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. നിലവിൽ 5,422 കേസുകളിൽ ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്, അതിൽ 5310 കേസുകൾ മോദി സർക്കാരിന്റെ 8 വർഷത്തിനിടെയാണ് ഫയൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഇ.ഡി ഓഫിസിലേക്ക് പ്രകടനം നടത്താൻ ഒരുങ്ങിയ നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘേൽ, എം.പിമാരായ വേണുഗോപാൽ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ കോൺഗ്രസ് നേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം നാഷനൽ ഹെറാൽഡ് കേസിൽ നാലാം ഘട്ട ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തി.

Tags:    
News Summary - Cong to meet President, demand withdrawal of Agnipath Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.