ന്യൂഡൽഹി: അജിത് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരാനായി രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. ''അജിത്തിന്റെ എൻ.സി.പിയിൽ ചേരാൻ തയാറായാൽ രണ്ട് എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിലിരിക്കെയാണിത്. എന്തുകൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്? എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കൈക്കൂലി വാങ്ങുന്നതും വാഗ്ദാനം ചെയ്യുന്നതും ക്രിമിനൽ പ്രവർത്തനമാണ്''-മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ആരോപിച്ചു.
ആരോപണത്തിൽ അജിത് പവാർ വിഭാഗം പ്രതികരിച്ചിട്ടില്ല. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് 23സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. 2019ൽ പരാജയപ്പെട്ട വസന്ത് പുർകെക്ക് ഇക്കുറിയും സീറ്റ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ തവണ പരാജയപ്പെട്ട ശിവാജിറാവു മൊഘെയുടെ മകനാണ് ഇത്തവണ അർനി സീറ്റ്. വ്യാഴാഴ്ചയാണ് കോൺഗ്രസ് 48 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി പൃഥിരാജ് ചവാൻ, നാന പട്ടോൽ എന്നിവർ പട്ടികയിലുണ്ട്. കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ വിഭാഗം), ശിവസേന(ഉദ്ധവ് വിഭാഗം) എന്നീ പാർട്ടികളടങ്ങിയ മഹാ വികാസ് അഘാഡി സഖ്യം ഒരുപക്ഷത്തും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മറുപക്ഷത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.