ന്യൂഡൽഹി: അവസാന ഘട്ടത്തിലെ അപ്രതീക്ഷിത തലമാറ്റത്തിലൂടെ വോട്ടർമാർക്കിടയിൽ അമ്പരപ്പും അണികൾക്കിടയിൽ ആവേശവും സമ്മാനിച്ച് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്ത്. തൃശൂരിൽ കെ. മുരളീധരൻ. വടകരയിൽ ഷാഫി പറമ്പിൽ. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ. കണ്ണൂരിൽ കെ. സുധാകരൻ. വയനാട്ടിൽ രാഹുൽ ഗാന്ധിതന്നെ.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരാഴ്ചമാത്രം ബാക്കിനിൽക്കേയാണ്, തൃശൂരിലും വടകരയിലും മുന്നൊരുക്കങ്ങളിലേക്ക് കടന്ന സിറ്റിങ് എം.പിമാരായ സ്ഥാനാർഥികളെ മാറ്റിക്കൊണ്ടുള്ള കോൺഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം. തൃശൂരിൽ ചുവരെഴുത്ത്, പോസ്റ്റർ, മണ്ഡല പര്യടനം തുടങ്ങിയവയുമായി മുന്നോട്ടുപോയ ടി.എൻ. പ്രതാപൻ മാത്രമാണ് വീണ്ടും മത്സരിക്കാത്ത ഏക സിറ്റിങ് എം.പി. വടകരയിൽ കെ. മുരളീധരനുവേണ്ടിയുള്ള ഒരുക്കങ്ങളത്രയും പിൻവലിച്ചാണ് പാലക്കാട് സിറ്റിങ് എം.എൽ.എ ഷാഫി പറമ്പിലിനെ രംഗത്തിറക്കിയത്.
കോൺഗ്രസ് വിട്ട് പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേക്കേറിയ അസാധാരണ സാഹചര്യം കൂടി വന്നതോടെയാണ് വലിയ ട്വിസ്റ്റ് കൊണ്ടുവരാൻ പാർട്ടിനേതൃത്വത്തെ പ്രേരിപ്പിച്ചത്. അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കിയ ബി.ജെ.പിയുടെ നീക്കങ്ങൾക്ക് തടയിടാനും മുരളീധരന്‍റെ സ്ഥാനാർഥിത്വമാണ് കൂടുതൽ ഫലപ്രദമെന്നാണ് വിലയിരുത്തൽ. നിയമസഭ തട്ടകമാക്കാൻ താൽപര്യപ്പെടുന്ന ടി.എൻ പ്രതാപൻ ഹൈകമാൻഡ് നിർദേശം സ്വാഗതം ചെയ്ത് പിന്മാറി.
പാലക്കാട് വിട്ട് ഷാഫി പറമ്പിൽ വടകരയിൽ എത്തുന്നത് മനസ്സില്ലാ മനസ്സോടെയാണ്. അദ്ദേഹത്തിന്‍റെ മാറ്റം പാലക്കാട് നിയമസഭ സീറ്റിന്‍റെ ഭാവി ഭദ്രതയെക്കുറിച്ച് കോൺഗ്രസിലും ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ, മുരളീധരൻ മാറുന്ന, ന്യൂനപക്ഷ വോട്ട് നിർണായകമായ വടകരയിൽ മികച്ച സ്ഥാനാർഥിയായി ഷാഫിയെ നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയിൽ പരിഗണിക്കപ്പെട്ട മുസ്ലിം മുഖങ്ങൾ മാറി. കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് തീരുമാനമായി.
കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും വിമുഖത മാറ്റിവെച്ച് ഹൈകമാൻഡ് നിർദേശപ്രകാരമാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. വിവിധ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളും വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ഒന്നിച്ചു വന്നാൽ കേരളത്തിൽനിന്ന് കൂടുതൽ സീറ്റ് നേടാമെന്നാണ് കോൺഗ്രസ് വിലയിരുത്തിയത്. ഇതോടെ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് രാഹുൽ ഗാന്ധിക്കുള്ള ക്ഷണം മാറ്റിവെച്ചു.
തിരുവനന്തപുരം: ശശി തരൂർ, ആറ്റിങ്ങൽ: അടൂർ പ്രകാശ്, ആലപ്പുഴ: കെ.സി. വേണുഗോപാൽ, മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്, ഇടുക്കി: ഡീൻ കുര്യാക്കോസ്, പത്തനംതിട്ട: ആന്‍റോ ആന്‍റണി, എറണാകുളം: ഹൈബി ഈഡൻ, ചാലക്കുടി: ബെന്നി ബഹനാൻ, ആലത്തൂർ: രമ്യ ഹരിദാസ്, പാലക്കാട്: വി.കെ. ശ്രീകണ്ഠൻ, തൃശൂർ: കെ. മുരളീധരൻ, കോഴിക്കോട്: എം.കെ. രാഘവൻ, വയനാട്: രാഹുൽ ഗാന്ധി, വടകര: ഷാഫി പറമ്പിൽ, കണ്ണൂർ: കെ. സുധാകരൻ, കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.