ന്യൂഡൽഹി: അഴിമതിയും തൊഴിലില്ലായ്മയും മുൻനിർത്തി മോദിസർക്കാറിനെതിരെ ശക്തമായ പ്രചാരണം നടത്താൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം. റഫാൽ പോർവിമാന ഇടപാട്, ബാങ്ക് ക്രമക്കേട് തുടങ്ങിയവയാണ് കോൺഗ്രസ് ആയുധമാക്കുന്നത്. യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്ന പ്രചാരണവും ശക്തമാക്കും.
അതേസമയം, അസം പൗരത്വ പട്ടികയുടെ കാര്യത്തിൽ ജാഗ്രതപൂർവം നീങ്ങണമെന്ന് തീരുമാനിച്ചു. പൗരത്വ പട്ടികയുടെ കാര്യത്തിൽ ഉയർത്തുന്ന പ്രതിഷേധം, ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരോടുള്ള കോൺഗ്രസിെൻറ സഹതാപവും അവരുടെ വോട്ട് തട്ടാനുള്ള തന്ത്രവുമായി ബി.ജെ.പി വ്യാഖ്യാനിക്കുമെന്നിരിക്കേയാണിത്.അസം ഉടമ്പടി കോൺഗ്രസിെൻറ സംഭാവനയാണെന്ന കാര്യം ഉയർത്തിക്കാട്ടും. ദേശീയ പൗരത്വപ്പട്ടികയുടെ 80 ശതമാനം പ്രവർത്തനവും കോൺഗ്രസ് സർക്കാറുകളുടെ കാലത്താണ് നടന്നതെന്നും വിശദീകരിക്കും. പട്ടിക ഉപയോഗപ്പെടുത്തി അസമിെൻറ സാമൂഹിക സ്ഥിതി കലക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വിലയിരുത്തി.
അസം ഉടമ്പടി പ്രകാരമാണ് ദേശീയ പൗരത്വ പട്ടിക നടപ്പാക്കേണ്ടതെന്ന് പ്രവർത്തക സമിതി വിലയിരുത്തി. ഉടമ്പടിയോടും പട്ടികയോടുമുള്ള പ്രതിബദ്ധത പാർട്ടി ആവർത്തിച്ചു. പൗരത്വം തെളിയിക്കാൻ രാജ്യത്തെ ഒാരോ പൗരനും അവകാശമുണ്ടെന്നിരിക്കേ, അതിന് അവസരം നൽകണമെന്നാണ് പ്രവർത്തക സമിതി സ്വീകരിച്ച നിലപാട്. അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അസം വിഷയം സർക്കാർ ഉപയോഗപ്പെടുത്തുന്നതെന്ന് പ്രവർത്തക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ച പാർട്ടി വക്താവ് രൺദീപ് സിങ് സുർേജവാല പറഞ്ഞു. അസം പൗരത്വ പട്ടിക, പോർവിമാന ഇടപാട്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സർക്കാറിനെതിരായ ആക്രമണത്തിന് പാർട്ടി വെവ്വേറെ സമിതികൾ രൂപവത്കരിക്കും. ആനന്ദ് ശർമ, പി. ചിദംബരം, ജയ്റാം രമേശ് എന്നിവർ സമിതികളുടെ ചുമതല വഹിക്കും. ജനകീയ വിഷയങ്ങൾ മുൻനിർത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.