ന്യൂഡൽഹി: ചർച്ചകൾക്ക് ശേഷം ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ്. കൊള്ള തുടരാൻ ആഗ്രഹിക്കുന്നതിനാലാണ് നിർമല സീതാരാമൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
“ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ‘പേ പി.എം അഴിമതിയിൽ’ ബി.ജെ.പി 4 ലക്ഷം കോടി രൂപയുടെ പൊതുപണം കൊള്ളയടിച്ചതായി നമുക്കറിയാം. ഇപ്പോൾ അവർ കൊള്ള തുടരാൻ ആഗ്രഹിക്കുന്നു” -അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ എല്ലാ വിഭാഗം ആളുകളുമായി ചർച്ച നടത്തി എല്ലാവർക്കും സ്വീകാര്യമാകുന്ന രീതിയിൽ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവരുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയുമെന്നും സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. സുതാര്യതയില്ലാത്തതിന്റെ പേരിൽ സുപ്രീംകോടതി ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുകയായിരുന്നു. പദ്ധതിയിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.