ന്യൂഡൽഹി: തെലങ്കാനയിൽ ശരീഅത്ത് നിയമം നടപ്പാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമെന്നാൽ വികസനവും വോട്ട് ജിഹാദും തമ്മിലുള്ള പോരാട്ടമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ബി.ജെ.പി നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസ്താവന തെലങ്കാനയിൽ അമിത് ഷായും തുടരുകയാണ്.
നരേന്ദ്ര മോദിയുടേത് ഭാരതീയ ഗ്യാരണ്ടിയാണ്. രാഹുൽ ഗാന്ധിയുടേത് ചൈനീസ് ഗ്യാരണ്ടിയും. കോൺഗ്രസ്, ബി.ആർ.എസ്, എ.ഐ.എം.ഐ.എം എന്നിവ പ്രീണന പാർട്ടികളാണ്. രാമനവമി ഘോഷയാത്ര അനുവദിക്കാതിരുന്ന പാർട്ടികൾ സി.എ.എക്കും എതിരാണെന്ന് അമിത് ഷാ പറഞ്ഞു.
ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാൻ ഇവർ സമ്മതിക്കില്ല. സി.എ.എയെ എതിർക്കുന്ന ഈ പാർട്ടികൾ ശരീഅത്തും ഖുറാനും അനുസരിച്ച് തെലങ്കാനയെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്നും സംവരണം ഇല്ലാതാക്കുമെന്നുമുള്ള കോൺഗ്രസിന്റെ പ്രസ്താവന നുണയാണ്. തെലങ്കാനയിലെ കോൺഗ്രസ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽ നിന്നും നാല് ശതമാനം എടുത്ത് മുസ്‍ലിംകൾക്ക് നൽകി. വീണ്ടും അധികാരത്തിലെത്തിയാൽ മുസ്‍ലിം സംവരണം ഇല്ലാതാക്കി അത് എസ്.സി, എസ്.ടി ഒ.ബി.സി വിഭാഗത്തിന് നൽകുമെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ ബി.ജെ.പി 200ലധികം സീറ്റുകൾ നേടിയിട്ടുണ്ട്. പാർട്ടി 400 സീറ്റിലേറെ നേടും. തെലങ്കാനയിൽ 10ലധികം സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.