ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന മുറവിളികൾക്കിടയിൽ, പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം കൃത്യമായി തീരുമാനിക്കാൻ ഞായറാഴ്ച പ്രവർത്തകസമിതി യോഗം വിളിച്ചു.
സോണിയ ഗാന്ധി വൈദ്യപരിശോധനക്ക് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം വിദേശത്തുപോയതിനാൽ വിഡിയോ കോൺഫറൻസാണ് നടക്കുക. ഉച്ചതിരിഞ്ഞ് മൂന്നരക്ക് നടക്കുന്ന യോഗത്തിൽ സോണിയ അധ്യക്ഷതവഹിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ആഗസ്റ്റ് 21നും സെപ്റ്റംബർ 20നുമിടയിൽ കോൺഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പു നടപടി പൂർത്തിയാക്കുമെന്നാണ് കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാഹുൽ ഗാന്ധി വീണ്ടും പദവി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദയ്പുർ ചിന്താശിബിരത്തിന് ഒത്തുകൂടിയ നേതാക്കൾ പിരിഞ്ഞത്. എന്നാൽ, രാഹുൽ ഇപ്പോഴും ഒഴിഞ്ഞുമാറുന്നു. നെഹ്റുകുടുംബത്തിന് പുറത്തു നിന്നൊരാളുടെ കാര്യത്തിൽ സമവായവുമില്ല. സെപ്റ്റംബർ ഏഴിന് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തുടങ്ങുകയുമാണ്. ഈ സാഹചര്യങ്ങൾക്കിടയിലാണ് 'കൃത്യമായ തീയതി'നിർണയിക്കാൻ പ്രവർത്തക സമിതി ചേരുന്നത്.
രാഹുലിനെ ഇനിയും നിർബന്ധിച്ചിട്ടു കാര്യമില്ലെന്നും മറ്റൊരാളെ കണ്ടെത്തണമെന്നുമുള്ള കാഴ്ചപ്പാട് ഒരു വശത്ത്. രാഹുൽ വന്നില്ലെങ്കിൽ, പാർട്ടിയിലെ അനൈക്യം വർധിക്കാതെ സോണിയതന്നെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി സജ്ജമാക്കട്ടെ എന്ന് ചിന്താഗതി മറുവശത്ത്. നെഹ്റുകുടുംബത്തിനു പുറത്തുനിന്ന് പരിഗണിക്കേണ്ടവരെക്കുറിച്ച ചർച്ച അതിനു പുറമെ. ഇത്തരം അനിശ്ചിതത്വങ്ങൾക്കും സസ്പെൻസിനും നടുവിൽ തന്നെയാണ് കോൺഗ്രസ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, കമൽനാഥ്, കെ.സി വേണുഗോപാൽ, മീരാ കുമാർ, കുമാരി ഷെൽജ എന്നിങ്ങനെ രാഹുലിനു പകരക്കാരായി പല പേരുകളും ഉയർന്നിട്ടുണ്ടെങ്കിലും, എല്ലാം വിദൂര സാധ്യതകൾ മാത്രം. ഗെഹ് ലോട്ടിന്റെ പേര് അദ്ദേഹംതന്നെ തള്ളി. സോണിയയുമായി ഗെഹ് ലോട്ട് ചർച്ച നടത്തിയതിനു പിന്നാലെയാണ് ഈ ചർച്ച കോൺഗ്രസുകാർക്കിടയിൽ തുടങ്ങിയത്.
എന്നാൽ അതൊരു ഊഹാപോഹം മാത്രമാണെന്നും വിദേശത്തേക്ക് പുറപ്പെടുന്നതിനാൽ സോണിയയെ കാണുക മാത്രമാണ് ചെയ്തതെന്നും ഗെഹ് ലോട്ട് പറഞ്ഞു. എന്തായിരിക്കും തീരുമാനമെന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ പാർട്ടിയും ഭരണവും തെരഞ്ഞെടുപ്പിലേക്ക് സജ്ജമാകേണ്ടതിനിടയിൽ ഗെഹ് ലോട്ടിനെ മാറ്റാൻ നേതൃത്വം തയാറാവില്ലെന്നാണ് സൂചന. പദവിയൊഴിയാൻ ഗെഹ് ലോട്ട് ഇഷ്ടപ്പെടുന്നുമില്ല. മറ്റു പേരുകൾ കൂടുതൽ ചർച്ചചെയ്താൽ അടി പൊടിപൂരമാകുമെന്ന സ്ഥിതിയാണ് നേതൃനിരയിലുള്ളത്.
ന്യൂഡൽഹി: കോൺഗ്രസ് വക്താവ് ജെയ്‍വീർ ഷേർഗിൽ പാർട്ടി വിട്ടു. സ്തുതിപാഠകർ സംഘടനയെ കാർന്നുതിന്നുകയാണെന്ന് ഷേർഗിൽ ആരോപിച്ചു. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.