ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം ആരോപിച്ച് കോൺഗ്രസ് സ്ഥാനാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരത്ഭായി വേല്‍ജിഭായി സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
12,261 വോട്ടുകൾക്ക് പിന്നിൽ നിൽക്കുമ്പോഴായിരുന്നു സ്ഥാനാർഥിയുടെ ആത്മഹത്യശ്രമം. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചെന്നും കൃത്യമായി സീൽ ചെയ്തില്ലെന്നും ഇദ്ദേഹം ആരോപിച്ചു.
വോട്ടെണ്ണൽ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സോളങ്കി അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് റിസൾട്ട് പൂർണമായി പുറത്തുവന്നപ്പോ സോളങ്കി 37831 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ മാലതി കിഷോർ മഹേശ്വരിയാണ് ഇവിടെ വിജയിച്ചത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 156 സീറ്റുകൾ എന്ന റെക്കോർഡ് വിജയമാണ് ബി.ജെ.പി നേടിയത്. 2017ലെ തെരഞ്ഞെടുപ്പിൽ 80 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപായി അത് പലരും വിലയിരുത്തിയിരുന്നു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ അതിന്റെ മൂന്നിലൊന്നു പോലും നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തിന്റെ പൾസ് അറിഞ്ഞാണ് ഇക്കുറി ബി.ജെ.പി കളത്തിലിറങ്ങിയത്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ പോലും അവർക്ക് വെല്ലുവിളിയായില്ല. സംവരണമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പോലും 10 ശതമാനം സീറ്റ് നീക്കിവെക്കാൻ ബി.ജെ.പി ശ്രദ്ധചെലുത്തി. സമൂഹ മാധ്യമങ്ങളുടെ സാധ്യതയും ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പാർട്ടിയും ബി.ജെ.പി തന്നെ.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 50,000 വാട്സ്ആപ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. ഇതിന്റെ സജീവ പ്രവർത്തനങ്ങൾക്കായി 10,000 വോളന്റിയർമാരെയും നിയോഗിച്ചു. ബി.ജെ.പിക്ക് വോട്ട് ചെയത് വനിത വോട്ടർമാരുടെ എണ്ണവും ഇക്കുറി ഗണ്യമായി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.